| Tuesday, 14th April 2026, 9:55 am

രാജസ്ഥാന്റെ കിളിപറത്തിയ അരങ്ങേറ്റക്കാര്‍; ഐ.പി.എല്ലിലെ സൂപ്പര്‍ ഹിറ്റില്‍ ഇവരും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു രാജസ്ഥാന്‍.

ഹൈദരാബാദിന്റെ യുവ പേസര്‍മാരായ പ്രഫുല്‍ ഹിംഗെയുടെയും സാക്കിബ് ഹുസൈന്റെയും തീപാറുന്ന ബൗളിങ്ങിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്.

നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അരങ്ങേറ്റക്കാരന്‍കൂടിയായ പ്രഫുല്‍ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടി. ടീമിലെ മറ്റൊരു ഡെബ്യൂ ബൗളറായ പേസര്‍ സാക്കിബ് ഹുസൈന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരേ ഇന്നിങ്‌സില്‍ ഫോര്‍ഫര്‍ കൈവരിച്ച രണ്ട് ബൗളര്‍മാര്‍മാരുടെ ലിസ്റ്റില്‍ ഇടം നേടാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ഐ.പി.എല്ലില്‍ ഒരേ ഇന്നിങ്‌സില്‍ ഫോര്‍ഫര്‍ കൈവരിച്ച രണ്ട് ബൗളര്‍മാര്‍

(താരങ്ങള്‍ (ടീം), എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)

മുനാഫ് പട്ടേല്‍ & കെയ്‌റോണ്‍ പൊള്ളാര്‍ഡ് (മുംബൈ) – രാജസ്ഥാന്‍ – 2012

മിച്ചല്‍ സ്റ്റാര്‍ക്ക് & ശ്രീനാഥ് അരവിന്ദ് (ബെംഗളൂരു) – പഞ്ചാബ് – 2015

മുഹമ്മദ് ഷമി & മോഹിത് ശര്‍മ (ഗുജറാത്ത്) – മുംബൈ – 2023

പ്രഫുല്‍ ഹിംഗെ & സാക്കിബ് ഹുസൈന്‍ (ഹൈദരാബാദ്) – രാജസ്ഥാന്‍ – 2026

ഇരു താരങ്ങള്‍ക്കും പുറമെ ശേഷിച്ച വിക്കറ്റുകള്‍ നേടിയത് യുവ പേസര്‍ ഈഷന്‍ മലിംഗയാണ്. ഹൈദരാബാദിന്റെ മൂന്ന് പേസര്‍മാരും അണ്‍ക്യാപ്ഡ് താരങ്ങളാണ് എന്നത് എടുത്ത് പറയേണ്ടതാണ്.

രാജസ്ഥാന് വേണ്ടി പൊരുതിയത് രവീന്ദ്ര ജഡേജയും ഡെണോവന്‍ ഫെരേരയുമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വമ്പന്‍ തകര്‍ച്ചയ്ക്ക് ശേഷം 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഡൊണോവന്‍ ഫെരേരിയ 44 പന്തില്‍ 69 റണ്‍സാണ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി.

മത്സരത്തില്‍ ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 91 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: Praful Hinge And Sakib Hussain In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more