| Tuesday, 7th April 2026, 8:01 pm

നൂറ് കോടിയെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നു; പ്രദീപ് രംഗനാഥന്‍

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കഠിനപ്രയത്‌നം കൊണ്ട് തമിഴ് സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് പ്രദീപ് രംഗനാഥന്‍. കേവലം മൂന്ന് ചിത്രങ്ങള്‍ കൊണ്ട് മാത്രം തമിഴില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന അഭിനേതാവെന്ന വിശേഷണം പ്രദീപ് നേടിയെടുത്തിട്ടുണ്ട്. ലവ് ടുഡേ, ഡ്രാഗണ്‍, ഡ്യൂഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം താരം നായകനായെത്തുന്ന സിനിമയാണ് ഏപ്രില്‍ 10 ന് റിലീസിനൊരുങ്ങുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി അഥവാ ലൈക്ക്.

പ്രദീപ് രംഗനാഥന്‍. Photo: X.com

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2019 ല്‍ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും റിലീസ് നീണ്ടുപോകുകയായിരുന്നു. നിര്‍മാതാക്കളുമായുള്ള പ്രതിഫലത്തിലെ തര്‍ക്കവും 2040 ല്‍ നടക്കുന്ന ചിത്രമെന്ന നിലയില്‍ വി.എഫ്.എക്‌സിനെയും ബഡ്ജറ്റിനെയും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമാണ് റിലീസ് വൈകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

കഴിഞ്ഞ രണ്ട് ചിത്രങ്ങളും നൂറ് കോടിയെന്ന നേട്ടത്തില്‍ പ്രവേശിച്ചതോടെ ലൈക്ക് പ്രദീപിന്റെ കരിയറിലെ ഹാട്രിക്ക് നൂറ് കോടി നേടുന്ന ചിത്രമായി മാറുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എന്റെ രണ്ടാമത്തെ ചിത്രമായിട്ടായിരുന്നു ലൈക്ക് റിലീസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ സി.ജിയിലും മറ്റ് പല കാര്യങ്ങളിലും നേരിട്ട പ്രതിസന്ധി മൂലം റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ചിത്രങ്ങള്‍ പോലെ ലൈക്കും നൂറ് കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് സന്തോഷമുള്ള കാര്യമാണ്. പക്ഷേ അതെനിക്ക് ഒരുപാട് സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്.

ഇപ്പോഴെല്ലാവരും എന്റെ മിനിമം ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടിയായിട്ടാണ് കണക്കാക്കുന്നത്. ചിത്രത്തിന് അത്രയും കളക്ഷന്‍ നേടാനായിട്ടില്ലെങ്കില്‍ എല്ലാവരും അതൊരു പരാജയമായി കണക്കാക്കും. അതുകൊണ്ട് കളക്ഷന്‍ എത്ര കിട്ടി എന്നതിനെക്കാള്‍ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടോ എന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ പ്രദീപ് രംഗനാഥന്‍ പറഞ്ഞു.

എല്‍.ഐ.കെയില്‍ നിന്നും. Photo: X.com

മമിത നായികയായെത്തി താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ഡ്യൂഡ് തിയേറ്ററുകളില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. സായ് അഭ്യങ്കാര്‍ സംഗീതം നിര്‍വഹിച്ച ഡ്യൂഡിലെ ഊരും ബ്ലഡ് എന്ന ഗാനം കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട ഗാനമെന്ന റെക്കോര്‍ഡും സൃഷ്ടിച്ചിരുന്നു. അതേസമയം നയന്‍താര നിര്‍മിക്കുന്ന ലൈക്കില്‍ പ്രദീപിന് പുറമെ കൃതി ഷെട്ടി, എസ്.ജെ. സൂര്യ, യോഗി ബാബു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Pradeep Ranganathan Talks about how 100 crore club puts pressure on him

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more