| Thursday, 16th October 2025, 9:03 am

ഒരുപാട് കാലം കൊണ്ടുനടന്ന ഫോണ്‍ അന്ന് മമിത ചവിട്ടിയപ്പോള്‍ വീണ് പൊട്ടിപ്പോയി: പ്രദീപ് രംഗനാഥന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപാവലി റിലീസുകളില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രമായി മാറിയിരിക്കുകയാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്കുന്നവയായിരുന്നു. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നായകന്‍ പ്രദീപ് രംഗനാഥന്‍. മമിതയുമൊത്തുള്ള ഷൂട്ട് താന്‍ ഒരുപാട് ആസ്വദിക്കാറുണ്ടായിരുന്നെന്ന് പ്രദീപ് രംഗനാഥന്‍ പറഞ്ഞു. ആദ്യ ഷോട്ട് മുതല്‍ പാക്കപ്പ് പറയുന്നതുവരെ സെറ്റില്‍ നല്ല വൈബായിരുന്നെന്നും താരം പറയുന്നു. ഹൈദരബാദിലെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം.

‘ഈ പടത്തിന്റെ പ്രൊമോ ഷൂട്ട് ചെയ്യുന്ന സമയത്ത് മമിത കുറച്ച് നെര്‍വസായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് വലിയ ധാരണയില്ലാതായിരുന്നു മമിത പെരുമാറിയത്. എന്നെ ചവിട്ടുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. പെട്ടെന്ന് ചവിട്ടിയ ചവിട്ടില്‍ എന്റെ ഫോണ്‍ തെറിച്ച് തൊട്ടപ്പുറത്തെ ടെറസില്‍ വീണു. നല്ല പവറുള്ള കിക്കായിരുന്നു അത്.

ഞാന്‍ അധികം ഫോണൊന്നും ഉപയോഗിക്കുന്നയാളല്ല. ഒരുപാട് കാലമായി കൊണ്ടുനടന്ന 12 പ്രോ മാക്‌സായിരുന്നു. ഇപ്പോഴും ഞാനത് മാറ്റിയിട്ടില്ല. മമിത പൈസ തന്നാല്‍ മാത്രമേ ഞാനിനി പുതിയ ഫോണ്‍ മാറ്റുന്നുള്ളൂ. എനിക്ക് ഒരുപാട് ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള ഫോണായതുകൊണ്ടാണ് മാറ്റാതെ വെക്കുന്നത്,’ പ്രദീപ് രംഗനാഥന്‍ പറയുന്നു.

നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്യുന്ന റോം കോം ചിത്രമാണ് ഡ്യൂഡ്. തുടര്‍ച്ചയായി രണ്ട് 100 കോടി ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഡ്യൂഡ് മികച്ച വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ടൈര്‍ 3യില്‍ നിന്ന് ടൈര്‍ 2വിലേക്കുള്ള എന്‍ട്രിയും ഈ സിനിമയോടെ പ്രദീപ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രദീപ് രംഗനാഥനും മമിതക്കും പുറമെ ശരത് കുമാര്‍, രോഹിണി, ഹൃദു ഹാറൂണ്‍ എന്നിവരും ഡ്യൂഡില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. സായ് അഭ്യങ്കര്‍ ഈണം നല്‍കിയ പാട്ടുകളെല്ലാം ഇതിനോടകം ചാര്‍ട്ബസ്റ്ററായി മാറിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും.

Content Highlight: Pradeep Ranganathan shares the shooting experience with Mamitha Baiju in Dude movie

We use cookies to give you the best possible experience. Learn more