| Wednesday, 8th April 2026, 7:49 am

അങ്ങനെ ചെയ്താല്‍ നിനക്ക് ഫാന്‍സോ എന്ന് പറഞ്ഞ് ആരെങ്കിലും ട്രോളും; ഇപ്പോള്‍ അതൊരു പ്രശ്‌നമല്ല: പ്രദീപ് രംഗനാഥന്‍

ഐറിന്‍ മരിയ ആന്റണി

ഡ്യൂഡിന് ശേഷം പ്രദീപ് രംഗനാഥന്റേതായി വരാനിരിക്കുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി, എസ്.ജെ .സൂര്യ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു.

ലവ് ടുഡേ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴിലൊട്ടാകെ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ രണ്ടാമത് വരാനിരുന്ന സിനിമയായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവെച്ചു. ഒടുവില്‍ ഏപ്രില്‍ 10 എന്ന തീയ്യതിയിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ തന്റെ ആരാധകരെ കുറിച്ച് പ്രദീപ് രംഗനാഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘എന്റെ ഫാന്‍സിനോട് എന്നൊക്കെ പറഞ്ഞ് സംസാരിക്കാന്‍ ശരിക്കും എനിക്ക് ചമ്മലാണ്. കാരണം, എന്താണ് ഇപ്പോഴേ നിനക്ക് ഫാന്‍സോ എന്ന് കളിയാക്കി കൊണ്ടുള്ള ട്രോളുകളൊക്കെ അപ്പോള്‍ വരും. പക്ഷേ, എന്നെ പിന്തുണക്കുന്നവരെയും സ്‌നേഹിക്കുന്നവരെയും ഞാന്‍ കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്.

പിന്നീട് ഞാന്‍ വിചാരിച്ചു ഇതെല്ലാം കണ്ടിട്ട് ഞാനെന്തിനാണ് നാണിച്ച് കൊണ്ട് നില്‍ക്കുന്നത്, അവര്‍ക്ക് എന്നോട് സ്‌നേഹമുള്ളത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്. എന്റെ ആരാധകര്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് കൊണ്ട് ഇപ്പോള്‍ എനിക്ക് കുഴപ്പമൊന്നുമില്ല. അതുകൊണ്ട് എന്റെ എല്ലാ ഫാന്‍സിനും ഒരുപാട് നന്ദി. നിങ്ങളില്ലാതെ ഞാന്‍ ഇല്ല,’ പ്രദീപ് രംഗനാഥന്‍ പറയുന്നു.

കഴിഞ്ഞ ചിത്രങ്ങള്‍ പോലെ തന്നെ ലവ് ഇന്‍ഷുറന്‍സ് കമ്പനിയും നൂറ് കോടി  ക്ലബ്ബില്‍ കയറുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ അത് ഒരുപാട് സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന് അത്രയും കളക്ഷന്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പരാജയമായാണ് എല്ലാവരും കണക്കാക്കുന്നതെന്നും അതിനാല്‍ കളക്ഷനെക്കാള്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമ എല്ലാവര്‍ക്കും ഇഷ്ടേമായോ എന്നാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ വിഘ്‌നേഷ്, പ്രദീപുമായി സഹകരിക്കുന്ന ആദ്യ ചിത്രമാണ് എല്‍.ഐ.കെ. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം. സംവിധായകനായി കരിയര്‍ തുടങ്ങി ഇന്ന് നായകനടനായും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്ന പ്രദീപിന് അന്യഭാഷകളിലും ആരാധകരുണ്ട്.

അഭിനയിച്ച മൂന്ന് സിനിമകളും 100 കോടി ബോക്‌സ് ഓഫീസില്‍ കയറിയ താരത്തിന്റെ അടുത്ത ഹിറ്റായിരിക്കും ലവ് ഇന്‍ഷുറന്‍സ് കമ്പനിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Pradeep Ranganathan says he was initially embarrassed to say “my fans”

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more