കഴിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ സിനിമാലോകത്ത് വിജയിക്കാനാകുമെന്ന് തെളിയിച്ചവരിലൊരാളാണ് പ്രദീപ് രംഗനാഥന്‍. ആരുടെയും അസിസ്റ്റന്റ് ഡയറക്ടറാകാതെ ഷോര്‍ട് ഫിലിമിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പ്രദീപ് സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടി. രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്ത് പ്രധാനവേഷവും കൈകാര്യം ചെയ്ത പ്രദീപ് ഇന്ന് തമിഴിലെ പുതിയ സെന്‍സേഷനാണ്.
ഏതൊരു സിനിമാപ്രേമിയെയും പോലെ താനും രജിനികാന്തിന്റെ വലിയ ആരാധകനാണെന്ന് പറയുകയാണ് പ്രദീപ് രംഗനാഥന്‍. കുട്ടിക്കാലം മുതല്‍ക്ക് തന്നെ രജിനിയുടെ എല്ലാ സിനിമകളും വിടാതെ കാണാറുണ്ടെന്നും റിലീസ് ദിവസം എവിടെയാണെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ടെന്നും പ്രദീപ് പറയുന്നു.
‘പണ്ടുമുതലേയുള്ള ശീലമാണത്. എത്ര മോശമാണെന്ന് ആളുകള്‍ പറഞ്ഞാലും രജിനി സാറിന്റെ സിനിമ ഞാന്‍ ആസ്വദിച്ച് കാണാറുണ്ട്. ലിംഗ എന്ന പടം റിലീസാകുന്ന സമയം എനിക്ക് പരീക്ഷയായിരുന്നു. തൊട്ടടുത്ത ദിവസം പരീക്ഷയുണ്ടായിട്ടും ഞാന്‍ ഫസ്റ്റ് ഷോ കാണാന്‍ പോയി. രാത്രി 12 മണിക്ക് തിയേറ്ററിലെത്തി അദ്ദേഹത്തിന്റെ കട്ടൗട്ടിന് പാലഭിഷേകമൊക്കെ നടത്തിയിരുന്നു.
ഇപ്പോഴും എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അതിന്റെ വീഡിയോ ഉണ്ട്. ഇന്‍ട്രോ സീനില്‍ ‘തലൈവാ’ എന്ന് വിളിച്ച് ആര്‍പ്പുവിളിയും ആഘോഷവുമായിരുന്നു. ഇപ്പോള്‍ എല്ലാവരും ട്രോളുന്ന ക്ലൈമാക്‌സ് സീന്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചാണ് കണ്ടിട്ടുള്ളത്. ആ സമയത്ത് ആ സീനില്‍ എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. തിരിച്ച് വീട്ടിലേക്ക് പോകുന്ന സമയത്ത് ആ ബി.ജി.എം ആയിരുന്നു എന്റെ മനസില്‍.
കോച്ചടൈയാന്‍ എന്ന പടത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ റിലീസായ കൂലിയും ഞാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടിട്ടുണ്ട്. തലൈവര്‍ എന്ന് പറഞ്ഞാല്‍ എനിക്ക് എല്ലാമാണ്. അദ്ദേഹത്തിന്റെ ഹാര്‍ഡ്‌കോര്‍ ഫാനാണ് ഞാന്‍. സിനിമയെന്നാല്‍ രജിനി സാറാണ്. അത് കഴിഞ്ഞേ ആരും ഉള്ളൂ,’ പ്രദീപ് രംഗനാഥന്‍ പറയുന്നു.
രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന പ്രൊജക്ട് പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ ആ പ്രൊജക്ടിന്റെ ഭാഗമല്ലെന്ന് പ്രദീപ് അറിയിച്ചു. അടുത്ത ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ റിലീസിന് ശേഷം താന്‍ വീണ്ടും സംവിധാനത്തിലേക്ക് കടക്കുമെന്നും അതില്‍ താന്‍ തന്നെയാണ് നായകനെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.
Content Highlight: Pradeep Ranganathan saying he’s hardcore fan of Rajnikanth