| Monday, 20th October 2025, 5:56 pm

ശിവകാര്‍ത്തികേയന് മിക്കവാറും പണിയാകും, ദീപാവലി പൊളിച്ചടുക്കി പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്ക്ക് ശേഷം തമിഴില്‍ അടുത്ത സ്റ്റാര്‍ ആരാകുമെന്ന തരത്തില്‍ പല ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. അതേ ലെവലിലുള്ള സ്റ്റാര്‍ഡം സ്വന്തമാക്കാന്‍ ശിവകാര്‍ത്തികേയന് മാത്രമേ സാധിക്കുള്ളൂവെന്ന് പലരും അഭിപ്രായപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഇപ്പോഴിതാ ശിവകാര്‍ത്തികേയന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള നടനെക്കുറിച്ചാണ് സിനിമാലോകത്ത് ചര്‍ച്ച.

സംവിധായകനായി തമിഴ് സിനിമാലോകത്തേക്ക് കടന്നുവന്ന പ്രദീപ് രംഗനാഥന്‍ തമിഴിലെ അടുത്ത സ്റ്റാറായി മാറുമെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. പ്രദീപിന്റെ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് അത് അടിവരയിടുന്നു. ദീപാവലി റിലീസായെത്തിയ ചിത്രം ഗംഭീര കളക്ഷനാണ് ആദ്യ വീക്കെന്‍ഡില്‍ സ്വന്തമാക്കിയത്.

മൂന്ന് ദിവസം കൊണ്ട് 56 കോടിയാണ് ചിത്രം നേടിയത്. ടൈര്‍ 2 നടന്മാരില്‍ ചെറിയ കാലയളവ് കൊണ്ട് ഇത്രയും വലിയ നേട്ടമുണ്ടാക്കിയ പ്രദീപ് രംഗനാഥന്‍ തമിഴിലെ ‘ദി നെക്സ്റ്റ് ബിഗ് തിങ്’ ആകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. നായകനായ മൂന്നാമത്തെ ചിത്രം കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.

ഒരാഴ്ചക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഡ്യൂഡ് ഇടംപിടിക്കുമെന്ന് ഉറപ്പാണ്. തുടര്‍ച്ചയായി രണ്ടാമത്തെ ചിത്രവും 100 കോടി ക്ലബ്ബില്‍ കയറ്റിയാല്‍ ടൈര്‍ 2വിന്റെ മുന്‍നിരയില്‍ പ്രദീപ് ഉറപ്പായും സ്ഥാനം നേടും. നിലവില്‍ വിജയ്‌യുടെ സിംഹാസനം ലക്ഷ്യമിടുന്ന ശിവകാര്‍ത്തികേയന് പ്രദീപ് വെല്ലുവിളിയുയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമിട്ട് വന്ന ഡ്യൂഡ് ഗംഭീര മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അഗന്‍ എന്ന യുവാവിന്റെയും അയാളുടെ കസിന്‍ കുറലിന്റെയും കഥയാണ് ഡ്യൂഡ് പറയുന്നത്. കുടുംബപ്രേക്ഷകരും യുവാക്കളും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. ഡ്യൂഡിലൂടെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രവും പ്രദീപ് സ്വന്തമാക്കുമെന്നാണ് സിനിമാലോകം പറയുന്നത്.

സംവിധാനം ചെയ്ത ആദ്യ ചിത്രം 50 കോടിയും നായകനായ ആദ്യ ചിത്രം 95 കോടിയുമാണ് പ്രദീപ് നേടിയത്. മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് നായകനാവുകയും നല്ല കഥകള്‍ സംവിധാനം ചെയ്യുകയും ചെയ്യുന്ന പി.ആര്‍ ഇന്‍ഡസ്ട്രിയുടെ ടോപ്പിലേക്ക് കയറാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി കൂടി 100 കോടി നേടിയാല്‍ ഒരു വര്‍ഷത്തില്‍ ഹാട്രിക് 100 കോടി നേടുന്ന ആദ്യ തമിഴ് നടനായി പ്രദീപ് മാറും.

Content Highlight: Pradeep Ranganathan’s Dude movie collected more than 50 crores on first weekend

We use cookies to give you the best possible experience. Learn more