വിജയ് എന്ന സൂപ്പര്‍താരം തമിഴ് ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിച്ച വിടവ് വ്യക്തമായ വര്‍ഷമായിരുന്നു 2025. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാരണം ഈ വര്‍ഷം വിജയ്‌യുടേതായി സിനിമകളൊന്നും തിയേറ്ററുകളിലെത്തിയിരുന്നില്ല. ജന നായകന്റെ ഷൂട്ടും തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി വിജയ് തിരക്കിലായിരുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ പല വമ്പന്മാര്‍ക്കും കാലിടറിയ വര്‍ഷം കൂടിയായിരുന്നു ഇത്.
രജിനി, അജിത്, സൂര്യ, കമല്‍ ഹാസന്‍ തുടങ്ങി പല വമ്പന്‍ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. തമിഴിലെ ഇയര്‍ ടോപ്പറെന്ന നേട്ടം സ്വന്തമാക്കിയത് രജിനി നായകനായ കൂലിയായിരുന്നു. 500 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയത്. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി 245 കോടി നേടി രണ്ടാം സ്ഥാനത്തുണ്ട്.
എന്നാല്‍ ഇരുചിത്രങ്ങളുടെയും ബജറ്റ് അധികമായതിനാല്‍ നിര്‍മാതാവിന് വലിയ ലാഭമുണ്ടായിരുന്നില്ല. ബജറ്റിന്റെ നാലിരട്ടി ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ഡ്രാഗണാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്. 35 കോടി ബജറ്റില്‍ പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രം 150 കോടിയോളമാണ് നേടിയത്.
കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ്, സൂര്യ നായകനായ റെട്രോ എന്നീ ചിത്രങ്ങള്‍ 100 കോടി പോലും നേടിയില്ലെന്നറിയുമ്പോഴാണ് തമിഴ് ഇന്‍ഡസ്ട്രിയിലെ പുതിയ താരോദയമായി പ്രദീപ് മാറുന്നത്. ഫുട്ഫാള്‍സിന്റെ കാര്യത്തിലും ഏരിയ വൈസ് കളക്ഷനിലും ഡ്രാഗണ്‍ വന്‍ മുന്നേറ്റം നടത്തിയെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഡ്രാഗണ് പിന്നാലെ പ്രദീപ് രംഗനാഥന്‍ നായകനായ ഡ്യൂഡും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. വിജയ്‌യുടെ പിന്‍ഗാമിയെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്ന ശിവകാര്‍ത്തികേയന്റെ മദിരാശി പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോഴാണ് പ്രദീപിന്റെ ബോക്‌സ് ഓഫീസ് തേരോട്ടം. ഇതേ രീതിയില്‍ കരിയര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ തമിഴ് ഇന്‍ഡസ്ട്രി പ്രദീപ് രംഗനാഥന്റെ കൈയില്‍ ഭദ്രമാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
ഈ വര്‍ഷം പ്രദീപിന്റേതായി ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന ചിത്രം പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ഒരുവര്‍ഷം ഹാട്രിക് 100 കോടി എന്ന അപൂര്‍വ നേട്ടവും ഇതോടെ പ്രദീപിന് നഷ്ടമായി. 2026 ഫെബ്രുവരി 14ന് ലവ് ഇന്‍ഷുറന്‍സ് കമ്പനി തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Pradeep Ranganathan’s Dragon movie became the highest profit making movie in this year