| Tuesday, 4th August 2026, 10:59 am

ഭരതനാട്യ അവതരണത്തിന് പിന്നാലെ ട്രോളുകൾ നേരിട്ട് പ്രഭുദേവ; വിമർശിച്ചും പിന്തുണച്ചും ആരാധകർ

അജ്മല്‍ കെ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ നർത്തകരിൽ ഒരാളാണ് പ്രഭുദേവ. തന്റെ വ്യത്യസ്തമായ നൃത്തശൈലിയിലൂടെ ‘ഇന്ത്യയുടെ മൈക്കിൾ ജാക്സൺ’ എന്ന വിശേഷണവും സ്വന്തമാക്കിയ കലാകാരനാണ് താരം. നടൻ, കൊറിയോഗ്രാഫർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലെ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രഭുദേവ, വ്യത്യസ്തമായ നൃത്തശൈലിയിലൂടെ വലിയ ആരാധകവൃന്ദത്തെയും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എന്നാൽ താരം സ്റ്റേജിൽ ഭാരതനാട്യം അവതരിപ്പിച്ചതിന് പിന്നാലെ വിമർശനങ്ങൾ നേരിടുകയാണ്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് നടനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു വന്നത്. തന്റെ ഗുരുവായ ഉഡുപ്പി ലക്ഷ്മി നാരായണന്റെ ജന്മ വാർഷികത്തോട് അനുബന്ധിച്ഛ് ചെന്നൈയിൽ വെച്ച് അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ്a നടനെ അനുകൂലിച്ചു പ്രതികൂലിച്ചും കമന്റുകൾ ഉയർന്നത്.

പ്രഭുദേവ.Screengrab/ Youtube.com

ഭരതനാട്യത്തിലെ ചില അടവുകൾ കൃത്യമല്ലെന്നും മുഖഭാവങ്ങളിൽ പക്വത കുറവുണ്ടെന്നുമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന പ്രധാന വിമർശനം. ആധുനിക നൃത്തത്തിൽ മികവ് പുലർത്തുന്ന എല്ലാവർക്കും ശാസ്ത്രീയ നൃത്തത്തിൽ അതേ മികവ് പ്രകടിപ്പിക്കാൻ കഴിയണമെന്നില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ പ്രഭുദേവയുടെ ഭരതനാട്യ അവതരണത്തെ വിമർശിച്ച് നർത്തകി പ്രീതി സഞ്ജീവ് രംഗത്തെത്തി. ക്ലാസിക്കൽ നൃത്തത്തെ തെറ്റായി അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഭുദേവയെപ്പോലൊരു ഇതിഹാസ നർത്തകനിൽ നിന്ന് ഇത്തരമൊരു പിഴവ് പ്രതീക്ഷിച്ചില്ലെന്നും പ്രീതി സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ അവസരം ഭരതനാട്യത്തിൽ പരിശീലനം നേടിയ ഒരു കലാകാരന് നൽകിയിരുന്നെങ്കിൽ അത് വളർന്നുവരുന്ന പ്രതിഭകൾക്ക് അർഹമായ അംഗീകാരമാകുമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രഭുദേവ.Screengrab/ Youtube.com

അതേസമയം, പ്രഭുദേവയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തി. സ്വന്തം ഗുരുവിനോടുള്ള ആദരസൂചകമായാണ് അദ്ദേഹം ഈ നൃത്തം അവതരിപ്പിച്ചതെന്നും, അത് ഒരു ഔദ്യോഗിക ഭാരതനാട്യ അവതരണം ആയിരുന്നില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടി. കലാകാരന്റെ ആത്മാർഥമായ ശ്രമത്തെ വിമർശിക്കുന്നതിനേക്കാൾ അദ്ദേഹത്തിന്റെ ഗുരുഭക്തിയെ മാനിക്കണമെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മാത്രവുമല്ല അദ്ദേഹം ഇന്ത്യൻ നൃത്തമേഖലയ്ക്ക് നൽകിയ സംഭാവനകൾ വലുതാണെന്നും ആരാധകർ ചൂണ്ടി കാട്ടി.

Content Highlight: Prabhu Deva’s Bharatanatyam performance sparks trolling on social media

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more