2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരം ഉപേക്ഷിച്ചത് മഴ തടസപ്പെടുത്തിയതോടെയാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 3.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ മണിക്കൂറോളം കാത്ത് നിന്നെങ്കിലും അഞ്ച് ഓവര്‍ മത്സരം പോലും സാധ്യമല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കുകയും ചെയ്തു.
കൊല്‍ക്കത്തയും പഞ്ചാബും വെറും നാല് ഓവര്‍ മാത്രമേ കളത്തിലുണ്ടായിരുന്നുള്ളുവെങ്കിലും മത്സരത്തിലെ ഒരു രംഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പഞ്ചാബ് കിങ്സ് വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ബൗളര്‍ സേവ്യര്‍ ബാര്‍ട്ട്‌ലറ്റും തമ്മിലുള്ള ഒരു രസകരമായ രംഗമാണിത്.
മത്സരത്തിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബാര്‍ട്ട്‌ലറ്റായിരുന്നു ആ ഓവര്‍ പന്തെറിഞ്ഞത്. സ്‌ട്രൈക്കിലുണ്ടാരുന്നത് കൊല്‍ക്കത്തയുടെ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഫിന്‍ അലനായിരുന്നു.
ആ ഓവറിലെ രണ്ടാം പന്തില്‍ ബാര്‍ട്ട്‌ലറ്റ് എറിഞ്ഞ ബോള്‍ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍, താരത്തിന് പന്ത് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. പന്ത് ഉയര്‍ന്ന പൊന്തി വിക്കറ്റ് കീപ്പറുടെ അടുത്ത് വീണു.
പന്തെടുക്കാനായി കീപ്പര്‍ പ്രഭ്‌സിമ്രാനും ഒപ്പം ബാര്‍ട്ട്‌ലറ്റും പാഞ്ഞടുത്തു. ആ സമയത്ത് സ്ട്രൈക്കിലുണ്ടായിരുന്ന അലന്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഇത് കണ്ട പ്രഭ്‌സിമ്രാന്‍ പന്തെടുത്ത് ഒരു നിമിഷം പോലും പാഴാക്കാതെ സ്റ്റംപ് ലക്ഷ്യമാക്കി പന്തെറിഞ്ഞു.
എന്നാല്‍, അത് കൊണ്ടത് പന്തെടുക്കാന്‍ പാഞ്ഞെത്തിയ ബാര്‍ട്ട്‌ലറ്റിന്റെ പുറത്തായിരുന്നു. ഇത് പ്രഭ്‌സിമ്രാനിലും ബാര്‍ട്ട്‌ലറ്റിനുമൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്ന ഏവരിലും ചിരി പടര്‍ത്തി. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചിരിക്കുന്നുണ്ടായിരുന്നു.
ഈ രംഗം ഇരു ടീമിലെയും സപ്പോര്‍ട്ട് സ്റ്റാഫ്സിനെയും കാണികളെയും ഒരു പോലെ ചിരിപ്പിച്ചു. ഈ രംഗം ആരാധകര്‍ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച ഈ രംഗത്തിന്റെ വീഡിയോ ക്ലിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Prabhsimran Singh’s throw hilariously hits teammate’s back during KKR vs PBKS IPL 2026