| Sunday, 13th November 2016, 2:27 pm

നോട്ട് പിന്‍വലിക്കല്‍; കേന്ദ്രസര്‍ക്കാരിന്റേത് ദുരന്ത സമാനമായ തീരുമാനമെന്ന് പ്രഭാത് പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ടി.എമ്മില്‍ നിന്ന് പണം കിട്ടാത്തതടക്കമുള്ള ബുദ്ധിമുട്ടുകള്‍ രണ്ടാഴ്ച തുടര്‍ന്നാല്‍ ഇത് സംഭവിക്കും. 


ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദുരന്ത സമാനമെന്ന് ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രഭാത് പട്‌നായിക്.

നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ടി.എമ്മില്‍ നിന്ന് പണം കിട്ടാത്തതടക്കമുള്ള ബുദ്ധിമുട്ടുകള്‍ രണ്ടാഴ്ച തുടര്‍ന്നാല്‍ ഇത് സംഭവിക്കും. സാധാരണക്കാരന്റെ ക്രയശേഷി ഇല്ലാതാവുന്നു എന്നതാണ് തീരുമാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമെന്നും പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടി.

രാജ്യത്തെ 85 % നോട്ടുകള്‍ക്കും ഇപ്പോള്‍ വിലയില്ല, ഈ നീക്കം കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണിനനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുടെ കയ്യില്‍ രണ്ടാഴ്ച പണം ലഭിക്കാതിരുന്നാല്‍ അത് വിപണിയെ ബാധിക്കും. ഉല്‍പ്പാദക കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വരും. സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണത്തെ കണ്ടുകെട്ടാന്‍ ഈ തീരുമാനം കൊണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പട്‌നായിക് അതിനായി ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുകയാണ് വേണ്ടിയിരുന്നത് എന്നും ചൂണ്ടിക്കാട്ടി.

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ മുമ്പെങ്ങും നടക്കാത്ത ഒരു കാര്യമാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ വലിയ തോതില്‍ ഉപയോഗിക്കാത്ത അതി സമ്പന്നര്‍മാത്രം കൈവശം വെയ്ക്കുന്ന കറന്‍സികള്‍ മാത്രം നിരോധിച്ചുകൊണ്ട് കൊളോണിയല്‍ ഭരണകൂടം ജനങ്ങളുടെ അസൗകര്യങ്ങള്‍ക്ക് നല്‍കിയ  പരിഗണനപോലും മോദി ഭരണകൂടം നല്‍കിയിട്ടില്ല. മോദി സര്‍ക്കാര്‍ നിലവില്‍ തുടര്‍ന്നുവരുന്ന മറ്റ് നടപടികള്‍ക്കൊപ്പം ഈ “അടിയന്തര നടപടിയും” അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് നയിക്കുന്നത്. ഇത് ജനവിരുദ്ധമെന്നതുപോലെ ബുദ്ധിശൂന്യവുമാണെന്നും അദ്ദേഹം നേരത്തെ ദ സിറ്റിസണ് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more