പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം കൂളായിട്ടുള്ള ലുക്കില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തമായിരുന്നു. കോമഡി ഹൊറര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ രണ്ട് ലുക്കിലാണ് റിബല്‍ സ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ 2025 ഏപ്രിലില്‍ റിലീസാകുമെന്ന് പറഞ്ഞ ചിത്രം പിന്നീട് ഒക്ടോബറിലേക്ക് മാറുകയായിരുന്നു. ജൂണില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ തൃപ്തരാകാതെ വരികയും ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുകയും ചെയ്തു. ഇതോടെ റിലീസ് ഡേറ്റ് വീണ്ടും മാറ്റേണ്ടി വന്നു.
2025 ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു പിന്നീട് അറിയിച്ചത്. റീ ഷൂട്ട് ചെയ്ത ഭാഗങ്ങളിലും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും തൃപ്തിയായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീണ്ടും കുറച്ച് ഭാഗങ്ങളില്‍ മിനുക്കുപണികള്‍ ചെയ്ത രാജാസാബ് 2026 സംക്രാന്തിക്ക് (ജനുവരി 10) തിയേറ്ററുകളിലെത്തുമെന്നാണ് സംവിധായകനടക്കും പല ഇന്റര്‍വ്യൂവിലും അറിയിച്ചു.
എന്നാല്‍ മറ്റ് സിനിമകളുടെ തിരക്ക് കാരണം പ്രഭാസിന്റെ ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുന്നത് വൈകുകയാണ്. വി.എഫ്.എക്‌സിലെ മാറ്റങ്ങള്‍ പൂര്‍ത്തിയായെങ്കിലും പ്രഭാസിനെ വെച്ച് ചില രംഗങ്ങളും രണ്ട് ഗാനങ്ങളും പൂര്‍ത്തിയാക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം പകുതിയോടെ മാത്രമേ പ്രഭാസ് രാജാ സാബിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാം പൂര്‍ത്തിയായതിന് ശേഷം ചിത്രം 2026 ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഒരു വര്‍ഷത്തോളം വൈകി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് സിനിമാലോകം കാത്തിരിക്കുന്നത്. റിലീസ് തിയതി വൈകുന്നതില്‍ ആരാധകരും സന്തോഷത്തിലല്ല.
320 കോടി ബജറ്റായിരുന്നു ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചത്. എന്നാല്‍ ഇപ്പോള്‍ റീഷൂട്ടും മറ്റ് കാര്യങ്ങളുമായി 450 കോടിയിലേറെയായിരിക്കുകയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിനുള്ളത്. മാളവിക മോഹനന്‍, റിദ്ധി സിങ്, നിധി അഗര്‍വാള്‍ എന്നിവരാണ് രാജാ സാബിലെ നായികമാര്‍. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിലുണ്ട്.
Content Highlight: Prabhas starring Raja Saab postponed again