| Sunday, 11th January 2026, 7:33 pm

ചുമ്മാ ഇരിക്കുന്ന ഷോട്ടിന് പോലും ഡ്യൂപ്പ്, രാജാസാബില്‍ പ്രഭാസിന്റെ പല രംഗങ്ങളും ഫേസ് സ്വാപ്പെന്ന് പരാതി

അമര്‍നാഥ് എം.

കല്‍ക്കിയുടെ വന്‍ വിജയത്തിന് ശേഷം പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുമ്പ് ആരാധകര്‍ക്ക് മാത്രം പ്രതീക്ഷയുള്ള ഒന്നായിരുന്നു. എന്നാല്‍ ആദ്യദിനത്തെ തള്ളിക്കയറ്റത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ ചിത്രം വീണെന്നാണ് ബോക്‌സ് ഓഫീസില്‍ വീഴുകയായിരുന്നു.

ഹൊറര്‍ ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രത്തിന് മോശം തിരക്കഥയും മോശം വി.എഫ്.എക്‌സുമാണ് തിരിച്ചടിയായത്. ആദ്യദിനം 90 കോടിയിലേറെ നേടിയ ചിത്രം ബജറ്റ് തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്നാണ് കളക്ഷന്‍ ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലാക്കുകയാണ്.

രാജാസാബ് Photo: Screen grab/ T series Tamil

ഫൈറ്റ് സീനെല്ലാം ട്രോളന്മാര്‍ ഏറ്റെടുത്തെങ്കിലും അതിനെക്കാള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ചിത്രത്തിലെ പല രംഗങ്ങളിലും പ്രഭാസിന് ഫേസ് സ്വാപ്പ് ചെയ്തിട്ടുണ്ടെന്ന് പലരും കണ്ടുപിടിച്ചുകഴിഞ്ഞു. തിയേറ്റര്‍ ക്ലിപ്പുകള്‍ പങ്കുവെച്ചുകൊണ്ടാണ് പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. വി.എഫ്.എക്‌സിലൂടെ പ്രഭാസിന്റെ മുഖം മാറ്റിയിട്ടുണ്ടെന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്.

ഫൈറ്റ് സീനില്‍ ഡ്യൂപ്പിനെ തിരിച്ചറിയാതിരിക്കാന്‍ ഫേസ് സ്വാപ്പ് ചെയ്യുന്നത് സാധാരണമാണെന്നും എന്നാല്‍ രാജാസാബില്‍ പ്രഭാസ് വെറുതെ ഇരിക്കുന്ന ഷോട്ടില്‍ പോലും ഫേസ് സ്വാപ്പ് ഉണ്ടെന്നും ചില പോസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടാണെങ്കില്‍ എന്തിനാണ് പ്രഭാസ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് പോലും പലരും ചോദിക്കുന്നുണ്ട്.

ഇത് ആദ്യമായല്ല പ്രഭാസിന്റെ സിനിമയിലെ ഫേസ് സ്വാപ്പ് കണ്ടുപിടിക്കപ്പെടുന്നത്. 2022ല്‍ റിലീസായ രാധേ ശ്യാമില്‍ പല രംഗങ്ങളിലും താരത്തിന്റൈ മുഖം വി.എഫ്.എക്‌സിലൂടെ മാറ്റിയാണ് കാണിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. ബജറ്റിന്റെ പകുതിയും നായകന്റെ മുഖം വി.എഫ്.എക്‌സ് ചെയ്യാന്‍ ചെലവായെന്നായിരുന്നു രാധേ ശ്യാമിന് നേരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

ഒ.ടി.ടി റിലീസിന് ശേഷം രാധേ ശ്യാമിനെ ട്രോളന്മാര്‍ എയറിലാക്കുമെന്ന് ഇപ്പോള്‍ തന്നെ പലരും കണക്കുകൂട്ടുന്നുണ്ട്. ആദിപുരുഷിന് ശേഷം ട്രോള്‍ പേജുകളുടെ ഇരയായി പ്രഭാസ് മാറുന്നത് ഇപ്പോഴാണ്. മുതലയുമായി പ്രഭാസിന്റെ ഫൈറ്റ് സീനും ക്ലൈമാക്‌സില്‍ പ്രേതവുമായുള്ള ഫൈറ്റുമെല്ലാം കീറിമുറിക്കപ്പെടുകയാണ്.

450 കോടി ബജറ്റിലാണ് രാജാസാബ് അണിയിച്ചൊരുക്കിയത്. മുത്തശ്ശിക്ക് കൊടുത്ത വാക്ക് സംരക്ഷിക്കാനായി നാടുവിട്ടുപോയ മുത്തശ്ശനെ അന്വേഷിച്ചിറങ്ങുന്ന രാജാ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മാളവിക മോഹനന്‍, റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍, സഞ്ജയ് ദത്ത്, സറീന വഹാബ്, ബൊമ്മന്‍ ഇറാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Prabhas face in Rajasaab movie shot in VFX found by social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more