| Thursday, 9th October 2025, 1:48 pm

'രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിന് പിന്നാലെ ഭിന്നശേഷിക്കാരെ അപമാനിച്ച് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ. രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുവഭവിക്കുന്ന ഗതിയിലാണ് ഇപ്പോൾ പ്രതിപക്ഷമെന്ന് പരിഹസിച്ചായിരുന്നു പി.പി ചിത്തരഞ്ജന്റെ പരാമർശം. സഭയിലെ ചോദ്യോത്തര വേളയിലാണ് എം.എൽ.എ ഈ പരാമർശം നടത്തിയത്.

‘രണ്ട് കൈ ഇല്ലാതായാൾ ചന്തിയിലൊരു ഒരു ഉറുമ്പ് കേറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ഇവിടെ നിൽക്കുന്നത്,’ പി.പി ചിത്തരഞ്ജൻ പറഞ്ഞു. പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് എം.എൽ.എക്ക് നേരെ ഉയരുന്നത്.

എം.എൽ.എ എം. വിൻസെന്റിനെതിരെയും ചിത്തരഞ്ജൻ മോശം പരാമർശം നടത്തി. ചിത്തരഞ്ജന്റെ പരാമർശം ഭിന്നശേഷി വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്ന്. അത്ര ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ലത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റില്ലെന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡിനെയടക്കം ആക്രമിക്കാന്‍ പോവുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയെ രണ്ടുദിവസം സ്തംഭിപ്പിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, പ്രതിപക്ഷം സഭയില്‍ ആവശ്യമുന്നയിക്കാതെ പ്രതിഷേധം നടത്തുകയാണെന്നും വിമര്‍ശിച്ചിരുന്നു. പ്രശ്നം ഉന്നയിച്ചാല്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

Content Highlight: PP Chittaranjan insults the differently-abled

We use cookies to give you the best possible experience. Learn more