| Saturday, 1st November 2025, 7:47 pm

ദാരിദ്ര്യം ഇല്ലാതാക്കുന്നത് പൊതുദൗത്യം; കേരളത്തെ അഭിനന്ദിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യത്തെ തുടച്ചുനീക്കിയതില്‍ കേരളത്തെ അഭിനന്ദിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷൂ ഫെയ്ഹോങ്ങാണ് കേരളം കൈവരിച്ച നേട്ടത്തില്‍ അഭിനന്ദങ്ങള്‍ അറിയിച്ചത്.

‘കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദങ്ങള്‍,’ ഷൂ ഫെയ്ഹോങ് എക്സില്‍ കുറിച്ചു. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് ചൈനീസ് അംബാസിഡറുടെ അഭിനന്ദനം. അതിദാരിദ്യ മുക്ത രാജ്യമെന്ന നിലയില്‍ ചൈനയുടെ ഈ സന്ദേശം കേരളത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം 2021ല്‍ തുടര്‍ഭരണത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുക എന്നത്. ഇതിനായി ഭക്ഷണം, ആരോഗ്യം, വരുമാനം, വീട് എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഇന്ന് (ശനി) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. നടന്‍ മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇന്ന് രാവിലെ നിയമസഭയിലും പ്രഖ്യാപന ചടങ്ങ് നടന്നിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം അംഗീകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അതിദാരിദ്യ കേരളമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സഭ ബഹിഷ്‌ക്കരിച്ചിറങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ കേരളത്തിന്റെ വികസനത്തില്‍ പ്രതിപക്ഷം ഇങ്ങനെ പേടിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യമുയര്‍ത്തി. തിരുവനന്തപുരത്തെ അതിദാരിദ്യ പ്രഖ്യാപന ചടങ്ങിലും പ്രതിപക്ഷ സമീപനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

Content Highlight: Poverty eradication is a common mission; China commends Kerala

We use cookies to give you the best possible experience. Learn more