പത്തനംതിട്ട: ശബരിമല സ്വര്‍ണ പാളി കേസില്‍ നിര്‍ണായക മൊഴിയുമായി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചതും എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കി.
പോറ്റിയെ വിശ്വസിച്ചതും അടുപ്പം കാണിച്ചതും തന്ത്രിയുടെ ആളായതിനാലണ്. താന്‍ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ പോറ്റി ശബരിമലയിലുള്ള വ്യക്തിയായിരുന്നു. അവിടെ പോറ്റി പ്രവര്‍ത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടായിരുന്നു.
സ്വര്‍ണത്തിന്റെ കട്ടിള പാളിയും ദ്വാരപാല ശില്‍പങ്ങളും സ്വര്‍ണം പൂശാനായി സന്നിധാനത്ത് നിന്നും ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് അനുമതി നല്‍കിയത് തന്ത്രിമാരാണെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്. താന്‍ മാത്രമല്ല ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും എല്ലാവരും അറഞ്ഞാണ് തീരുമാനമുണ്ടായതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്.
തനിക്ക് പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണത്തെയും പത്മകുമാര്‍ തള്ളി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഒക്ടോബര്‍ 16ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായിരുന്നു.
ശബരിമല സ്വര്‍ണ പാളി
23ന് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, നവംബര്‍ ഒന്നിന് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, ആറിന് മുന്‍ തിരുവാഭരണ കമ്മീഷണര്‍ ബൈജു, 11ന് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അറസ്റ്റിലായിരുന്നു.
നവംബര്‍ 20നാണ് കേസില്‍ സുപ്രധാന അറസ്റ്റുണ്ടായത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.ഐ.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് തന്നെ കാരണമായിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍.
ശബരിമലയിലെ കട്ടിള പാളി മോഷണം നടന്നത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. സ്വര്‍ണപാളി ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് 2019ലെ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്ന് എസ്.ഐ.ടിയുടെ എഫ്.ഐ.ആറില്‍ പറയുന്നു.
Content Highlight: Sabarimala Swarnapali case: Unnikrishnan Potty worked in Sabarimala as Thantri Kandararu Rajeevaru; Padmakumar’s statement