ന്യൂദല്‍ഹി: രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്നും നീക്കിയ എ.എ.പി നേതാവ് രാഘവ് ഛദ്ദ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരായ തന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായി എ.എ.പി.
ആംആദ്മി പാര്‍ട്ടി ദല്‍ഹി യൂണിറ്റ് മേധാവി സൗരഭ് ഭരദ്വാജാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
‘രാഘവ് ഛദ്ദ തന്റെ എക്സ് ടൈംലൈന്‍ പൂര്‍ണമായും വൃത്തിയാക്കി. മോദിയെയോ ബി.ജെ.പിയെയോ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായി. ബി.ജെ.പി’, ‘മോദി’ എന്നീ കീവേഡുകള്‍ ഉപയോഗിച്ച് രഘവ് ഛദ്ദയുടെ മുഴുവന്‍ അക്കൗണ്ടുകളും തിരഞ്ഞു. എന്നാല്‍ മുമ്പത്തെ വിമര്‍ശനങ്ങളൊന്നും ഇപ്പോള്‍ കാണാനില്ല,’ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇത് വെറുമൊരു വൃത്തിയാക്കല്‍ അല്ലെന്നും ഡിജിറ്റല്‍ ഹിസ്റ്ററി മുഴുവനായും ശാസ്ത്രീയമായി തന്നെ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരിക്കല്‍ മോദിയുടെയും ബി.ജെ.പിയുടെയും നിശിത വിമര്‍ശകനായിരുന്ന രാഘവ് ഛദ്ദ തന്റെ പഴയ ഇമേജ് മായ്ച്ചുകളഞ്ഞ് പുതിയ ഒന്ന് അവതരിപ്പിക്കുകയാണ്.
ഒരാളുടെ ടൈംലൈന്‍ ഇത്തരത്തില്‍ മാറ്റുമ്പോള്‍, അതിന്റെ പിന്നിലെ തയ്യാറെടുപ്പിന്റെ തോത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ,’ സൗരഭ് ഭരദ്വാജ് പറഞ്ഞു.
രാഘവ് ഛദ്ദയെ നീക്കി പകരം അശോക് കുമാര്‍ മിത്തലിനെയാണ് എ.എ.പി രാജ്യസഭയിലെ ഉപനേതാവായി നിയമിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും പാര്‍ട്ടിയുടെ ദേശീയ മുഖവുമായിരുന്ന ഛദ്ദയെ പെട്ടെന്ന് മാറ്റിനിര്‍ത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പഞ്ചാബിലെ ഭരണമാറ്റത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു ഛദ്ദ. പാര്‍ട്ടിയിലെ വിമത സ്വരമായി ഛദ്ദ മാറിയത് എ.എ.പിക്ക് വലിയ തിരിച്ചടിയാണ്.
ഉപനേതാവ് പദവിയില്‍ നിന്നും നീക്കിയതിനെ, നിശബ്ദനാക്കാം എന്നാല്‍ തോല്‍പ്പിക്കാനാവില്ലെന്നായിരുന്നു രാഘവ് ഛദ്ദയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു.
Content Highlight: Posts criticizing Modi and BJP deleted; AAP takes action against Raghav Chadha