| Monday, 5th October 2026, 7:30 pm

അങ്കമാലിയില്‍ നിന്ന് പാലക്കാട് വഴി ഗോവക്കുള്ള ട്രെയിനും കറുകുറ്റിയില്‍ നിര്‍ത്തുന്ന എക്‌സ്പ്രസും; ബെത്‌ലഹേം പൊളിച്ചെഴുതിയ ഇന്ത്യന്‍ റെയില്‍വേ സിസ്റ്റം

അമര്‍നാഥ് എം.

സംവിധായകന്‍ പോലും മനസില്‍ വിചാരിക്കാത്ത ‘ഡയറക്ടര്‍ ബ്രില്യന്‍സുകളും’ പെട്ടെന്ന് കണക്ടാകാത്ത റഫറന്‍സ് ഡയലോഗുകളുമെല്ലാം ബെത്‌ലഹേമിന്റെ ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇത്രയും ചര്‍ച്ചയായ മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. ഓരോ കഥാപാത്രത്തെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്.

ഡയറക്ടര്‍ ബ്രില്യന്‍സുകള്‍ക്കൊപ്പം ചില മിസ്റ്റേക്കുകളും പലരും ചൂണ്ടിക്കാണിക്കുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റ് നടത്തുന്ന ഗോവന്‍ ടൂറാണ് ഇതില്‍ ആദ്യത്തേത്. അങ്കമാലിയില്‍ നിന്ന് ട്രെയിന്‍ കയറുന്ന ഇവര്‍ പിന്നീട് ‘കുപ്പിയെടുക്കാന്‍’ പാലക്കാട് ഇറങ്ങുന്നതും ട്രെയിന്‍ മിസ്സായതുകൊണ്ട് ജീപ്പില്‍ ചെയ്‌സ് ചെയ്യുന്ന സീനുമെല്ലാം ഇന്‍ട്രസ്റ്റിങ്ങായി സംവിധായകന്‍ എടുത്തുവെച്ചിട്ടുണ്ട്.

എന്നാല്‍ ഈ സീനിലെ ലോജിക്കില്ലായ്മയാണ് ഇപ്പോള്‍ വൈറല്‍. അങ്കമാലിയില്‍ നിന്ന് പാലക്കാട് വഴി ഗോവയില്‍ പോകുന്ന ട്രെയിന്‍ ഏതാണെന്ന് പലരും ചോദിക്കുന്നു. അങ്കമാലിയില്‍ നിന്ന് കയറുന്ന ട്രെയിന്‍ കോഴിക്കോട്, മംഗലാപുരം, കൊങ്കണ്‍ വഴിയാണ് ഗോവയിലേക്ക് പോകാറുള്ളതെന്നും പാലക്കാട് വഴി പോകുന്ന ട്രെയിനൊന്നും ഇല്ലെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

ഇത്തരം വാദങ്ങള്‍ക്ക് മറുപടിയുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. കൊങ്കണില്‍ മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകുമെന്നും ആ സമയത്ത് അതുവഴി ട്രെയിനുകള്‍ കടത്തിവിടില്ലെന്നുമാണ് മറുപടി. ജസ്റ്റിനും കൂട്ടരും ഈ സമയത്താകും ഗോവയിലേക്ക് പോയതെന്നും അതുകൊണ്ടാണ് ട്രെയിന്‍ പാലക്കാട് വഴി പോകുന്നതെന്നുമുള്ള മറുപടികള്‍ ശ്രദ്ധ നേടുന്നുണ്ട്.

തിരുവനന്തപുരത്ത് കസിന്റെ കല്യാണത്തിന് പോകുന്ന ആഷ്‌ലി തിരിച്ചെത്തുന്ന സീനിലും ചെറിയ മിസ്‌റ്റേക്കുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ആഷ്‌ലി തിരിച്ചെത്തുന്ന ട്രെയിന്‍ കറുകുറ്റിയില്‍ നിര്‍ത്തുന്നതായി കാണിക്കുന്നുണ്ട്. സാധാരണയായി മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന കറുകുറ്റിയില്‍ എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയതിലെ ലോജിക്കില്ലായ്മയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകള്‍ വൈറലായി.

ഇന്ത്യന്‍ റെയില്‍വേയിലെ ചില നിയമങ്ങള്‍ പൊളിച്ചെഴുതിയെങ്കിലും ചിത്രത്തില്‍ ഇത്തരം രംഗങ്ങള്‍ കല്ലുകടിയായി തോന്നിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അധികം ടെന്‍ഷനടിപ്പിക്കാതെ, സിമ്പിളായി കഥ പറഞ്ഞുപോകുന്ന ഇത്തരം സിനിമകള്‍ക്ക് എന്നും സ്വീകാര്യതയുണ്ടാകും. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Posts about Train scenes in Bethlehem Kudumba Unit viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more