ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പലരും പ്രവചിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ ആവേശം സൃഷ്ടിച്ചു. ആദ്യഭാഗത്തിന് മേലെ നില്‍ക്കുന്ന രണ്ടാം ഭാഗമാകും ഇതെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോകള്‍ കഴിഞ്ഞ മൂന്ന് ദിവസമാണ് നിര്‍മാതാക്കള്‍ പുറത്തുവിടുകയാണ്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാതെ തന്നെ ഇത്തരം ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷനിലൂടെ ആവേശം സമ്മാനിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലന്‍ തുടങ്ങിയവരുടെ വീഡിയോയാണ് ഇതുവരെ പുറത്തുവിട്ടത്.
മൂന്ന് പേരും വില്ലന്‍ കഥാപാത്രങ്ങളാണെന്ന് ക്യാരക്ടര്‍ ടീസര്‍ സൂചന നല്‍കുന്നു. ആദ്യഭാഗത്തില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മ്മനെപ്പോലെ മലയാളി വില്ലനാണ് സുരാജിന്റെ ദിലീപ്. സ്ഥിരം രീതിയില്‍ നിന്ന് മാറിയ വില്ലന്‍ കഥാപാത്രമാകും എസ്.ജെ സൂര്യയുടെ ബോധിയെന്നും പ്രവചനങ്ങളുണ്ട്. കരിയറിലെ ആദ്യ നെഗറ്റീവ് റോള്‍ തന്നെ രജിനിയുടെ സിനിമയിലാകുമ്പോള്‍ വിദ്യാ ബാലന്റെ കാന്തയും ഗംഭീരമാകുമെന്നാണ് കരുതുന്നത്.
ഇനിയും നിരവധി വമ്പന്‍ താരങ്ങളെ പരിചയപ്പെടുത്താന്‍ ബാക്കിയുണ്ട്. മിഥുന്‍ ചക്രവര്‍ത്തി, വിജയ് സേതുപതി, ഹക്കിം ഷാ തുടങ്ങിയവരുടെ വീഡിയോ പുറത്തുവരാനുണ്ട്. ഇതില്‍ മിഥുന്‍ ചക്രവര്‍ത്തിയും ഹക്കിം ഷായും വില്ലന്മാരാകുമെന്നാണ് കരുതുന്നത്. നായകനൊപ്പം ശിവരാജ് കുമാറിന്റെ നരസിംഹന്‍, മോഹന്‍ലാലിന്റെ മാത്യൂസ്, വിജയ് സേതുപതി, ഹൃതിക് റോഷന്‍ എന്നിവര്‍ അണിനിരക്കുമ്പോള്‍ വില്ലന്മാരുടെ സൈഡും സ്‌ട്രോങ്ങാണ്.
എന്നാല്‍ ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റ് അണിനിരക്കുമ്പോള്‍ ഇതിനിടയില്‍ രജിനിയുടെ കഥാപാത്രത്തിന് എന്താകും ചെയ്യാനുണ്ടാവുക എന്നാണ് പലരുടെയും ചോദ്യം. ഫൈറ്റ് ചെയ്യാനും ആളെ കൊല്ലാനും സഹായികള്‍ ഉള്ളതുകൊണ്ട് ഇടക്കിടക്ക് വന്ന് പഞ്ച് ഡയലോഗ് പറയുക മാത്രമാകും മുത്തുവേല്‍ പാണ്ഡ്യന്റെ ജോലിയെന്നും ട്രോളുകളുണ്ട്.
ആദ്യഭാഗത്തില്‍ മിസ്സായ ചില കാര്യങ്ങള്‍ രണ്ടാം ഭാഗത്തില്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനി, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ ഒന്നിച്ചുള്ള ഫ്രെയിം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Posts about the star cast Jailer 2 viral in cinema pages