| Tuesday, 15th September 2026, 7:18 am

പ്രേമലു 2ന്റെ സ്‌ക്രിപ്റ്റ് കളയണ്ട, ചെറിയൊരു മാറ്റം വരുത്തിയാല്‍ ബെത്‌ലഹേമിന്റെ സെക്കന്‍ഡ് പാര്‍ട്ടാക്കാം; ഗിരീഷ് എ.ഡിക്ക് നിര്‍ദേശവുമായി സിനിമാപേജുകള്‍

അമര്‍നാഥ് എം.

മലയാളസിനിമ കണ്ട ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ചിത്രം പല വമ്പന്മാരെയും തകര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 30 കോടിക്ക് താഴെ ചെലവഴിച്ച് 300 കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മോളിവുഡിലെ ഓള്‍ ടൈം ഹൈയസ്റ്റ് ഗ്രോസറെന്ന നേട്ടവും സ്വന്തമാക്കി.

നിവിന്‍ തന്റെ സ്‌ട്രോങ് സോണിലുള്ള പെര്‍ഫോമന്‍സ് കൊണ്ട് സിനിമയില്‍ അഴിഞ്ഞാടിയപ്പോള്‍ നായികയായ മമിതയും തന്റെ ഭാഗം ഗംഭീരമാക്കി. റിലീസിന് മുമ്പ് പലരും പ്രതീക്ഷയോടെ കാത്തിരുന്ന നിവിന്‍- മമിത കെമിസ്ട്രി വളരെ ഭംഗിയായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. ഇരുവരുടെയും കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.

ജസ്റ്റിന്റെയും ആഷ്‌ലിയുടെയും പ്രണയം കണ്ട് മതിയായില്ലെന്നാണ് പലരുടെയും കമന്റുകള്‍. ചിത്രത്തിന് രണ്ടാം ഭാഗം വന്നാല്‍ നന്നാകുമെന്ന് ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു. സെക്കന്‍ഡ് പാര്‍ട്ടിന് ലീഡ് നല്‍കിയല്ല ചിത്രം അവസാനിച്ചതെങ്കിലും ഇരുവരുടെയും ഭാവി ജീവിതം ഫോക്കസ് ചെയ്തുകൊണ്ട് ബാക്കി കഥ പറയാന്‍ സാധ്യതയുണ്ടെന്നാണ് ഇക്കൂട്ടരുടെ നിര്‍ദേശം.

പ്രേമലു 2 ഡ്രോപ്പായതുകൊണ്ട് ആ സ്‌ക്രിപ്റ്റില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ ബെത്‌ലഹേമിന്റെ സെക്കന്‍ പാര്‍ട്ടാക്കി മാറ്റാമെന്നും മസൂക്ക എന്ന ഐ.ഡി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പ്രേമലുവില്‍ യു.കെയിലേക്ക് പോയ സച്ചിന് പകരം ബെത്‌ലഹേമില്‍ അയര്‍ലന്‍ഡിലേക്ക് പോയ ആഷ്‌ലിയാണ് ഉള്ളതെന്നും കഥാപാത്രങ്ങള്‍ തമ്മില്‍ ചെറിയൊരു സ്വിച്ചിങ് നടത്തിയാല്‍ നന്നാകുമെന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ഈ സിനിമ തന്ന വൈബ് രണ്ടാം ഭാഗത്തിന് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ജോയല്‍, ഗ്ലിക്‌സണ്‍, ബൈജു എന്നീ കഥാപാത്രങ്ങള്‍ ഉണ്ടാക്കിയ ഇംപാക്ട് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നെന്നും അത് വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും കമന്റുകളുണ്ട്.

പ്രേമലു 2ന്റെ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തിയ ചിത്രമാകും ബെത്‌ലഹേമെന്നും ചിലര്‍ നിരീക്ഷിക്കുന്നു. യു.കെയ്ക്ക് പകരം അയര്‍ലന്‍ഡിനെ കൊണ്ടുവന്നതെല്ലാം അതിന്റെ സൂചനയായിരിക്കുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. സീക്വല്‍ ഇറക്കിയില്ലെങ്കിലും ഇതേ കോമ്പോയില്‍ മറ്റൊരു സിനിമ വേണമെന്നും നിര്‍ദേശമുണ്ട്. സമീപകാലത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Content Highlight: Posts about the sequel of Bethlehem Kudumba Unit viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more