| Wednesday, 29th October 2025, 2:27 pm

ഒഴിവാക്കാനാണെങ്കില്‍ എന്തിനാണ് വിളിക്കുന്നത്? ഭ ഭ ബയില്‍ മാറ്റിനിര്‍ത്തപ്പെട്ട ഷാന്‍ റഹ്‌മാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ ഭ ബയില്‍ നിന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ ഒഴിവാക്കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ ടീസറിലും കഴിഞ്ഞദിവസമിറങ്ങിയ റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോയിലും ഷാന്‍ ഒരുക്കിയ സംഗീതം പോരെന്ന് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഷാനിനെ മാറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഭ ഭ ബയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഷാന്‍ നീക്കം ചെയ്തതും റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ ഭ ഭ ബയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇത് ആദ്യമായല്ല ഷാനിന് പകരം മറ്റൊരാളെ സിനിമയില്‍ ഉപയോഗിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയില്‍ ആദ്യം ഷാനായിരുന്നു സംഗീതം. ചിത്രത്തിന്റെ ടീസറിന് ഷാന്‍ നല്കിയ സംഗീതം വന്‍ ഹിറ്റായി മാറി. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഷാനിന്റെ ഐക്കോണിക് ബി.ജി.എം ഉണ്ടായിരുന്നില്ല. സുഷിന്‍ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് മിന്നല്‍ മുരളിയില്‍ ഉപയോഗിച്ചത്. ഷാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി ഒരുക്കിയ കിങ് ഓഫ് കൊത്തയിലും ആദ്യം ഷാനിനെയാണ് സംഗീത സംവിധായകനായി നിശ്ചയിച്ചത്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ പിന്നീട് ഷാനിനെ മാറ്റുകയും ജേക്‌സ് ബിജോയ്‌യെ കൊണ്ടുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ ഭ ഭ ബയിലും ഷാന്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഷാന്‍ റഹ്‌മാന്‍ ഇതിനെല്ലാം തന്റെ വര്‍ക്കുകള്‍ കൊണ്ട് മറുപടി നല്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആട് എന്ന സിനിമയുടെ രണ്ട് ഭാഗങ്ങളും വിജയിച്ചതില്‍ ഷാനിന്റെ പങ്ക് ചെറുതല്ലെന്നും അയാളെ മറ്റിനിര്‍ത്തുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പറഞ്ഞുകൊണ്ട് ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.

പിന്നീട് മാറ്റാന്‍ വേണ്ടിയാണെങ്കില്‍ എന്തിനാണ് ആദ്യം കൊണ്ടുവരുന്നതെന്നാണ് പലരും ചോദിക്കുന്നത്. അവഗണിക്കപ്പെടുന്നതിന്റെ വേദന വലുതാണെന്നും അത് അനുഭവിച്ചവര്‍ക്കേ അറിയുള്ളൂവെന്നും അഭിപ്രായപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നുണ്ട്. റിലിസീന് ശേഷം സിനിമ മോശമാണെന്ന് കേട്ടാല്‍ റീഷൂട്ട് ചെയ്യുമോയെന്നും ചിലര്‍ ചോദിക്കുന്നു.

Content Highlight: Posts about supporting Shan Rahman viral in social media

We use cookies to give you the best possible experience. Learn more