| Saturday, 1st August 2026, 2:00 pm

മോഹന്‍ലാലിന്റെ മകനായി രണ്‍ജി പണിക്കരോ? കഷ്ടം തന്നെയെന്ന് പോസ്റ്റ്, വായടപ്പിക്കുന്ന മറുപടിയുമായി കമന്റുകള്‍

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ ഹൈപ്പിന്റെ പരകോടിയില്‍ നില്‍ക്കുന്ന ചിത്രമാണ് ഖലീഫ. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റുകളും കൊണ്ട് സിനിമാപേജുകളില്‍ സ്ഥിരം ചര്‍ച്ചയാകാന്‍ ഖലീഫക്ക് സാധിച്ചിട്ടുണ്ട്. റിലീസിന് 10 മാസം മുമ്പ് പുറത്തുവിട്ട ഗ്ലിംപ്‌സിലൂടെ ഉയര്‍ത്തിയ ഹൈപ്പ് ഇപ്പോഴും നിലനിര്‍ത്തുകയാണ് ടീം ഖലീഫ.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന അധോലോകനായകനായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ അഹമ്മദ് അലിയുടെ പേരക്കുട്ടിയായ അമീര്‍ അലിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഖലീഫയുടേതായി കഴിഞ്ഞദിവസം പുറത്തുവന്ന ഫസ്റ്റ് സിംഗിളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പാട്ടിന്റെ ഇടയില്‍ പൃഥ്വിരാജും നായിക മാളവിക ശര്‍മയും രണ്‍ജി പണിക്കരും മോഹിനിയും ഒന്നിച്ച് നില്‍ക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടിനെക്കുറിച്ചുള്ള പോസ്റ്റാണ് ചര്‍ച്ചയായത്. പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് രണ്‍ജി പണിക്കര്‍ വേഷമിടുന്നതെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലിന്റെ മകനാകും രണ്‍ജി പണിക്കരെന്നും അക്കാര്യം ചിന്തിക്കാന്‍ കൂടി വയ്യെന്നും മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ ദിയ മാത്യു എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് എല്ലാവരുടെയും കമന്റ്. കൊച്ചുമകനെന്ന് പറയുമ്പോള്‍ മകളുടെ മകനാകാന്‍ സാധ്യതയുണ്ടെന്നും മോഹിനി അവതരിപ്പിക്കുന്ന കഥാപാത്രമാകും മോഹന്‍ലാലിന്റെ മകളെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്. രണ്‍ജി പണിക്കരുടെ കഥാപാത്രം നായികയുടെ അച്ഛനാകാന്‍ സാധ്യതയുണ്ടെന്നും കമന്റുകളുണ്ട്.

‘രണ്‍ജിയുടെ കഥാപാത്രം പെണ്ണിന്റെ അച്ഛനാകാന്‍ സാധ്യതയുണ്ടെന്ന് തോന്നിയില്ലേ, ഇനി അതല്ല മോഹന്‍ലാലിന്റെ മകളുടെ മകനാണ് പൃഥ്വിയുടെ കഥാപാത്രമെന്ന് ചിന്തിച്ചൂടെ. ഇത് രണ്ടും അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പോയി പോസ്റ്റിട്’, ‘ഇനി മോഹന്‍ലാല്‍ ഡബിള്‍ റോളാണെങ്കിലോ, സംവിധായകന്റെ ട്വിസ്റ്റ് അതായിരിക്കും’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

മോഹന്‍ലാലിന്റെ മകനായി ഇന്നസെന്റും (ഉടയോന്‍), മമ്മൂട്ടിയുടെ മകനായി മോഹന്‍ലാലും (പടയോട്ടം), പൃഥ്വിരാജിന്റെ അച്ഛനായി ആര്യയും (ഉറുമി), അഭിനയിച്ചിട്ടുണ്ടെന്നും ചിലര്‍ ഓര്‍മപ്പെടുത്തി. കഥാപാത്രത്തിന്റെ പ്രായത്തിലൊന്നും കാര്യമില്ലെന്നും പെര്‍ഫോമന്‍സിലാണ് കാര്യമെന്നും കമന്റുകളുണ്ട്. ഓഗസ്റ്റ് 20നാണ് ഖലീഫ തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Posts about Renji Panicker’s character in Khalifa movie viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more