| Friday, 28th August 2026, 6:53 pm

അരമണിക്കൂര്‍ പോലും കസ്റ്റഡിയില്‍ ഇടാന്‍ പറ്റാത്ത അഹമ്മദ് അലി 24 വര്‍ഷം നേപ്പാളിലെ ജയിലില്‍... ഖലീഫയും ലാലേട്ടനും എയറില്‍ തന്നെ

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ തരക്കേടില്ലാത്ത കളക്ഷനുമായി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ഖലീഫ. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു നേടിയത്. എന്നാല്‍ ഹൈപ്പിനൊത്ത് ഉയരാത്ത ശരാശരി തിരക്കഥയാണ് ഖലീഫക്ക് തിരിച്ചടിയായത്. ശരാശരി അഭിപ്രായത്തില്‍ ഒതുങ്ങിയ ചിത്രം ഓണം സീസണായതുകൊണ്ട് മാത്രം വിജയത്തിലേക്ക് കുതിക്കുകയാണ് ഖലീഫ.

റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിന്റെ കാമിയോ. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സില്‍ നായകനൊപ്പം ഹൈപ്പ് ലഭിച്ച കഥാപാത്രമായിരുന്നു അഹമ്മദ് അലി. എന്നാല്‍ റിലീസിന് ശേഷം ഈ കഥാപാത്രത്തിന് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്.

ഇന്ദ്രന്‍സ് അവതരിപ്പിച്ച ഹംസ എന്ന കഥാപാത്രം പുട്ടിന് പീര കണക്ക് അഹമ്മദ് അലിയെ ബൂസ്റ്റ് ചെയ്യുന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയില്‍ COFFEPOSA ആക്ട് വരാന്‍ കാരണം അഹമ്മദ് അലി’, ‘ഇന്ദിരാ ഗാന്ധി വിചാരിച്ചിട്ട് പോലും അര മണിക്കൂര്‍ അഹമ്മദ് അലിയെ കസ്റ്റഡിയില്‍ വെക്കാന്‍ പറ്റിയിട്ടില്ല’ എന്നിങ്ങനെ പലപ്പോഴും ‘തള്ളുന്നുണ്ട്’.

എന്നാല്‍ ഈ ഡയലോഗിനോടൊന്നും നീതി പുലര്‍ത്താത്ത ക്യാരക്ടര്‍ റൈറ്റിങ്ങാണ് ക്ലൈമാക്‌സില്‍ തിരക്കഥാകൃത്ത് ജിനു അബ്രഹാം അഹമ്മദ് അലിക്ക് നല്‍കിയത്. വന്‍ ബില്‍ഡപ്പില്‍ അഹമ്മദ് അലിയെ കാണിക്കുമ്പോള്‍ അയാള്‍ ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. അതും നേപ്പാളില്‍ 24 വര്‍ഷമായി ഏകാന്ത തടവ്. ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന നേപ്പാളില്‍ ഇത്രയും കാലം ജയിലില്‍ കിടക്കുന്ന നായകന് വേണ്ടിയായിരുന്നു സിനിമയില്‍ ആദ്യം പറഞ്ഞ മാസ് ഡയലോഗുകള്‍.

അഹമ്മദ് അലി തന്റെ കൊച്ചുമകനോട് പറയുന്ന ഡയലോഗുകള്‍ അതിലും കോമഡിയാണ്. ‘ഒരു മറയുടെ അപ്പുറത്ത് നിന്ന് എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു’ എന്നാണ് ഡോണ്‍ അഹമ്മദ് അലി പറയുന്നത്. സ്വന്തം മകന്‍ കിടപ്പാടം വരെ നഷ്ടപ്പെടുന്ന അവസ്ഥയെത്തിയിട്ടും ഈ ഡോണ്‍ അയാളെ സഹായിക്കാന്‍ ഇറങ്ങിയില്ല. അച്ഛനെ കടത്തില്‍ നിന്ന് രക്ഷിക്കാനാണ് അമീര്‍ അലി സ്വര്‍ണ്ണക്കടത്തിന് ഇറങ്ങുന്നതും വില്ലന്മാര്‍ കാരണം അച്ഛന്‍ മരിക്കുന്നതും.

ജയിലില്‍ ഇരുന്നുകൊണ്ട് എല്ലാമറിയുന്ന അഹമ്മദ് അലി മകനെ കൊലക്ക് കൊടുത്ത മണ്ടനാണെന്ന് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് മാത്രമല്ല, കഥാപാത്രങ്ങളുടെ പ്രായത്തെ ചൊല്ലിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമീര്‍ അലിക്ക് 40 വയസിനടുത്ത് പ്രായം തോന്നുന്നുണ്ടെന്നും അങ്ങനെയാണെങ്കില്‍ അയാളുടെ മുത്തശ്ശന് കുറഞ്ഞത് 95 വയസെങ്കിലും ഉണ്ടായേക്കുമെന്നാണ് കമന്റുകള്‍. ക്രിസ്മസ് അപ്പൂപ്പനെപ്പോലെയുള്ള മോഹന്‍ലാലിന്റെ മേക്കപ്പും ട്രോളിന് വിധേയമാകുന്നുണ്ട്.

Content Highlight: Posts about Mohanlal’s character in Khalifa movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more