| Sunday, 21st June 2026, 6:30 pm

നേച്ചര്‍ ക്ലബ്ബിന്റെ ക്യാമ്പ് മുതല്‍ റാണി പറയുന്നത് കേട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളുണ്ടാകില്ലായിരുന്നു, ജോര്‍ജുകുട്ടിയെ ഉപദേശിച്ച് ട്രോളന്മാര്‍

അമര്‍നാഥ് എം.

തിയേറ്ററില്‍ വന്‍ വിജയമായി മാറിയതിന്റെ യാതൊരു മര്യാദയുമില്ലാതെയാണ് ദൃശ്യം 3യെ ട്രോളന്മാര്‍ എയറിലാക്കുന്നത്. ബോക്‌സ് ഓഫീസില്‍ 230 കോടിയിലേറെ നേടിയ ചിത്രം അടുത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. മോളിവുഡില്‍ വലിയ ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം ചിത്രമെന്നാണ് പലരും ദൃശ്യം 3യെ വിശേഷിപ്പിക്കുന്നത്.

ആദ്യത്തെ രണ്ട് ഭാഗത്തിലും സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ജോര്‍ജുകുട്ടി ഇത്തവണ കുടുംബത്തെ രക്ഷിക്കാന്‍ അഞ്ജുവിനെ ശാരീരികമായി ഉപദ്രവിക്കുന്നതായി കാണിക്കുന്നുണ്ട്. ജോര്‍ജുകുട്ടിയുടെ ക്യാരക്ടര്‍ ആര്‍കിനെ ജീത്തു മോശമാക്കി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ പ്രശ്‌നമൊക്കെ ഇത്രയും വലുതാകാന്‍ കാരണം ജോര്‍ജുകുട്ടിയാണെന്നും ചില പോസ്റ്റുകളില്‍ പറയുന്നു.

ദൃശ്യം 1 Photo: Screen grab/ Aashirvad Cinemas

ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ അഞ്ജു നേച്ചര്‍ ക്ലബ്ബിന്റെ ക്യാമ്പിന് പോകാന്‍ അനുവാദം ചോദിക്കുമ്പോള്‍ റാണി അതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ റാണിയുടെ എതിര്‍പ്പ് വകവെക്കാതെ ജോര്‍ജുകുട്ടി അഞ്ജുവിനെ ക്യാമ്പിന് പറഞ്ഞയക്കുകയാണ്. ഈ ക്യാമ്പിന് ശേഷമാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. റാണി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

മൂന്നാം ഭാഗത്തില്‍ അഞ്ജുവിന്റെ കല്യാണാലോചനയുടെ കാര്യം വരുമ്പോള്‍ വേറെ ബ്രോക്കര്‍മാരെ നോക്കാമെന്ന നിര്‍ദേശം റാണി മുന്നോട്ടുവെക്കുമ്പോള്‍ അതിനെയും ജോര്‍ജുകുട്ടി വിലക്കെടുക്കുന്നില്ല. ജോര്‍ജുകുട്ടിക്ക് താത്പര്യം ബ്രോക്കര്‍ മത്തായിയെയായിരുന്നു. ഒടുവില്‍ ഈ ബ്രോക്കര്‍ മത്തായി പ്രഭാകറിന്റെ ആളാണെന്ന് കാണിക്കുന്നുണ്ട്.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

കല്യാണം കഴിഞ്ഞ് മിസ്റ്റി മൗണ്ടൈന്‍ റിസോര്‍ട്ടിന്റെ കാര്യം അഞ്ജുവും അനുവും മുന്നോട്ട് വെക്കുമ്പോള്‍ അതിനെ മുന്നില്‍ നിന്ന് എതിര്‍ക്കുന്നത് റാണിയാണ്. എന്നാല്‍ ജോര്‍ജുകുട്ടി ഇതിന് സമ്മതം നല്‍കുന്നതും മറ്റ് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. സഹദേവന്റെ കോള്‍ കണ്ടിട്ട് അഞ്ജുവിനെ കാണാന്‍ ജോര്‍ജുകുട്ടി റിസോര്‍ട്ടിലേക്ക് പോകുന്ന സമയത്ത് റാണി ഫോണ്‍ ചെയ്യുന്നുണ്ട്. ഈ സമയത്ത് റാണിയോട് എന്താണ് നടന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ റാണി എന്തെങ്കിലും ഐഡിയ മുന്നോട്ട് വെച്ചേനെയെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.

റാണി പറയുന്ന ഏതെങ്കിലും ഒരു കാര്യം കൃത്യമായി ചെയ്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം വരില്ലായിരുന്നെന്നും അറിഞ്ഞിട്ട പേരാണ് റാണി എന്നും കമന്റുകളുണ്ട്. ചില ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ പറയുന്നതിനോട് പുച്ഛമായിരിക്കുമെന്നും അതിന്റെ ഉദാഹരണമാണ് ഈ സീനുകളെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ദൃശ്യം 3 ഇത്രമാത്രം ട്രോള്‍ നേരിടുമെന്ന് ആരാധകര്‍ പോലും കരുതിയില്ല.

Content Highlight: Posts about Meena’s character in Drishyam series

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more