| Monday, 5th October 2026, 7:21 am

നാട്ടില്‍ കാറ്ററിങ് പണിയുമായി ചില്‍ ചെയ്ത് നടക്കുന്ന ജസ്റ്റിന് അയര്‍ലന്‍ഡിലെ ലൈഫ് ഓക്കെയാകുമോ? ഒ.ടി.ടി റിലീസിന് പിന്നാലെ പ്രേക്ഷകരുടെ ആകുലതകള്‍

അമര്‍നാഥ് എം.

എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുക എന്നത് ഏതൊരു സിനിമക്കും വലിയ വെല്ലുവിളിയാണ്. തിയേറ്ററില്‍ വലിയ ഹിറ്റായാല്‍ പോലും ഒ.ടി.ടി റിലീസിന് ശേഷം കുറ്റങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ചുരുക്കം സിനിമകള്‍ മാത്രമേ തിയേറ്ററിലെ അതേ റെസ്‌പോണ്‍സ് ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയുള്ളൂ. അത്തരത്തിലൊന്നാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്.

നമ്മുടെ ചുറ്റുവട്ടത്തെല്ലാം കാണുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് ബെത്‌ലഹേമിലുള്ളത്. നായകനായ ജസ്റ്റിനും നായിക ആഷ്‌ലിയും കൂട്ടുകാരായ ഗ്ലിക്‌സണ്‍, ബൈജു തുടങ്ങി സ്‌ക്രീനില്‍ വന്നുപോകുന്ന എല്ലാവരും പ്രേക്ഷകരില്‍ കൃത്യമായി രജിസ്റ്ററായിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള പോസ്റ്റുകളാണ് പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് ജസ്റ്റിനും ആഷ്‌ലിയും ഒന്നിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അയര്‍ലന്‍ഡില്‍ തനിക്ക് വല്ല ജോലിയും കിട്ടുമോ എന്ന് ജസ്റ്റിന്‍ ആഷ്‌ലിയോട് ചോദിക്കുമ്പോള്‍ ‘ഈ പ്രായത്തില്‍ വിസ കിട്ടാന്‍ പാടാ. ഡിപ്പെന്‍ഡന്റ് വിസയില്‍ വരേണ്ടി വരും’ എന്നാണ് ആഷ്‌ലിയുടെ മറുപടി. ജസ്റ്റിന്‍ അതിന് ഓക്കെ പറയുന്നുണ്ട്. എന്നാല്‍ അയര്‍ലന്‍ഡില്‍ പോയിക്കഴിഞ്ഞതിന് ശേഷമുള്ള ജസ്റ്റിന്റെ ജീവിതം പാടായിരിക്കുമെന്നാണ് ചിലരുടെ വാദം.

നാട്ടില്‍ കാറ്ററിങ് ജോലിയും കൂട്ടുകാരോടൊപ്പമുള്ള ‘ചില്ലിങ്ങും’ ഒക്കെയായി നടക്കുന്ന ജസ്റ്റിന്‍ അയര്‍ലന്‍ഡില്‍ പോയാല്‍ അതെല്ലാം മിസ് ചെയ്യുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത് ജസ്റ്റിനും ആഷ്‌ലിക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയുന്ന പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. ജസ്റ്റിനെ മനസിലാക്കാന്‍ പറ്റുന്ന ആഷ്‌ലി നാട്ടില്‍ തന്നെ തുടര്‍ന്നേക്കുമെന്നും ചിലര്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

പരസ്പരം മനസിലാക്കാന്‍ കഴിയുന്നവരാണ് ജസ്റ്റിനും ആഷ്‌ലിയുമെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇരുവരുടെയും ജീവിതം മുന്നോട്ടുപോകുമെന്നും കമന്റുകളുണ്ട്. ജസ്റ്റിന്‍ പോയിക്കഴിഞ്ഞാല്‍ ബൈജുവായിരിക്കും കാറ്ററിങ് ഏറ്റെടുത്തു നടത്തുകയെന്നും ഗ്ലിക്‌സണ്‍ നാട്ടില്‍ മെയിനായി മാറുമെന്നും തുടങ്ങിയ കമന്റുകള്‍ ചിരി പടര്‍ത്തുന്നുണ്ട്.

മോളിവുഡിലെ സര്‍വ്വകാലവിജയമായി മാറിയ ചിത്രത്തിന് ഒ.ടി.ടിയിലും വലിയ വരവേല്പാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ബെത്‌ലഹേമിലെ സീനുകളെക്കുറിച്ചുള്ള പോസ്റ്റുകളും റീലുകളുമാണ്. സമീപകാലത്ത് മറ്റൊരു സിനിമക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകാര്യതയാണ് ബെത്‌ലഹേമിന് ലഭിക്കുന്നത്. ഓരോ കഥാപാത്രത്തോടും പ്രേക്ഷകര്‍ക്ക് വലിയ ഇമോഷണല്‍ അറ്റാച്ച്‌മെന്റാണുള്ളത്.

Content Highlight: Posts about Justin and Ashley’s life after climax of Bethlehem Kudumba Unit viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more