| Saturday, 14th June 2025, 2:37 pm

ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണത്തിന് കാരണം കാട്ടാന ആക്രമണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാവ്: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പീരുമേട് തോട്ടപ്പുര സ്വദേശി സീതയാണ് കൊല്ലപ്പെട്ടത്.

സീതയുടെ തലയുടെ ഇടത് ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും മുഖത്തും കഴുത്തിലും മല്‍പ്പിടിത്തം നടന്നതിന്റെ പാടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
കാട്ടാനയുടെ ആക്രമണത്തില്‍ ഉണ്ടാവേണ്ട പരിക്കുകളല്ല സീതയുടെ ശരീരത്തിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായാണ് വിവരം.

സീതയുടെ തല പാറയില്‍ ഇടിച്ചിട്ടുണ്ടെന്നും ആറ് വാരിയെല്ലുകള്‍ ഒടിയുകയും രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാഭിയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. മുന്നില്‍ നിന്നായിരിക്കും സീത ആക്രമിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സീതയുടെ പങ്കാളി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (വെള്ളി) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സീത കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. വനത്തില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടുവെന്ന് ബിനുവാണ് നാട്ടുകാരെ അറിയിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ ബിനുവിനും പരിക്കേറ്റന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണം നടക്കുമ്പോള്‍ മക്കളും ഒപ്പമുണ്ടായിരുന്നുവെന്ന് ബിനു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്നാണ് സ്ത്രീ മരണപ്പെട്ടതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി സീതയെ ആശുപത്രിയിലെത്തിച്ച ശേഷം പൊലീസിനും ഹോസ്പിറ്റല്‍ സര്‍ജനമുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.

സീതയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ആദ്യം ആവശ്യമുയര്‍ന്നിരുന്നു. പിന്നീട് ജനപ്രതിനിധികള്‍ ഇടപ്പെട്ടതോടെ പീരുമേട്ടില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. നിലവില്‍ സീതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

Content Highlight: Postmortem report says wild elephant attack was not the cause of death of tribal woman in Idukki

Latest Stories

We use cookies to give you the best possible experience. Learn more