| Sunday, 28th June 2026, 3:24 pm

'രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന്' ദല്‍ഹിയില്‍ പോസ്റ്ററുകള്‍; പ്രത്യക്ഷപ്പെട്ടത് വിദേശയാത്രകളെ വിമര്‍ശിച്ചുള്ള ബി.ജെ.പി ആരോപണങ്ങള്‍ക്ക് പിന്നാലെ

നിഷാന. വി.വി

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന തലക്കെട്ടുമായി ദല്‍ഹിയില്‍ വ്യാപകമായി പോസ്റ്ററുകള്‍. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം കാണ്മാനില്ല എന്നെഴുതിയ തരത്തിലുള്ള പോസ്റ്ററുകളാണ് ദല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരാണ് സ്ഥാപിച്ചത് എന്നത് സംബന്ധിച്ച് വിവരമില്ല.

ബി.ജെ.പി ദേശിയ വക്താവ് ഷെഹ്‌സാദ് പുനവല്ലെ രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവല്ല ‘ലീഗ് ഓഫ് ലീഡര്‍ പര്യാടന്‍ ആന്‍ഡ് പാര്‍ട്ടിയിങ്’ ആണെന്നായിരുന്നു ഷെഹ്‌സാദിന്റെ വിമര്‍ശനം.

രാജ്യമോ രാജ്യത്തെ ജനങ്ങളോ പാര്‍ലമെന്റോ അല്ല അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പകരം ടൂറിസത്തിനാണ് അദ്ദേഹം ആദ്യപരിഗണന നല്‍കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എപ്പോഴാണോ പിന്തുണ ആവശ്യമുള്ളത്, ആ സമയത്ത് അദ്ദേഹം ഓടിപ്പോകും. പാര്‍ലമെന്റ് സമ്മേളന കാലയളവിലും അദ്ദേഹം ഒളിച്ചോടും. രാഹുല്‍ ഗാന്ധി സ്ഥിരമായി ഒരു അവധിക്കാല മൂഡിലാണെന്നും ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി ഇരിക്കുന്നയാാള്‍ നരേന്ദ്ര മോദിയാണെന്നും എന്നാല്‍ വിദേശ യാത്രകള്‍ കാരണം രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കോടികള്‍ ചിലവഴിക്കുന്നുണ്ടെന്നും അദ്ദേഹം എപ്പോഴും അവധിക്കാല മൂഡിലാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

‘ വിദേശ യാത്രകള്‍ സംബന്ധിച്ച കണക്കുകള്‍ ഒന്നും നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല. അദ്ദേഹത്തിന്റെ വിദേശ യാത്രകള്‍ക്ക് പിന്നില്‍ ഇന്ത്യാ വിരുദ്ധ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ പിന്തുണയുണ്ട്,’ ഷെഹ്‌സാദ് പറഞ്ഞു.

Content Highlight: Posters in Delhi saying ‘Rahul Gandhi missing’ appear after BJP’s allegations criticising foreign trips

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more