| Monday, 26th January 2026, 7:42 pm

ഇനി മേപ്പടിയാന്റെ സംവിധായകനൊപ്പം; L367 പ്രഖ്യാപിച്ച് മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

വന്‍ വിജയങ്ങളുടെ വര്‍ഷമായിരുന്നു മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2025. വിമര്‍ശനങ്ങളെ കാറ്റില്‍പറത്തി എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം തുടങ്ങി തുടര്‍ വിജയങ്ങളാണ് കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയത്. ഇതിന് തുടര്‍ച്ചയെന്നോണമാണ് 2026 ല്‍ വരാനിരിക്കുന്ന ഓരോ പ്രൊജക്ടുകളുടെയും അപ്‌ഡേഷനുകള്‍ താരം പുറത്തുവിടുന്നത്.

മേപ്പടിയാന്‍. Photo: IMDB

മലയാള സിനിമയിലെ നാഴികക്കല്ലായ ദൃശ്യത്തിന്റെ മൂന്നാംഭാഗവും തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള L366 ഉം മാമ്പറക്കല്‍ അഹമ്മദ് അലിയായുള്ള ഖലീഫയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിലെ 367ാമത്തെ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ് താരം. മേപ്പടിയാന്‍, കഥ ഇന്നുവരെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുക.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം ഉക്രൈന്‍-റഷ്യ യുദ്ധത്തിനിടെ ഉക്രൈനില്‍ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ ഗംഗയെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. മേപ്പടിയാന്‍ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിഷ്ണു തന്നെയായിരിക്കും പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിനെയായിരുന്നു ചിത്രത്തിനായി ആദ്യം സമീപിച്ചിരുന്നതെന്നും എന്നാല്‍ അന്യഭാഷകളിലടക്കമുള്ള താരത്തിന്റെ തിരക്ക് കാരണം മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓപ്പറേഷന്‍ ഗംഗ. Photo: NDTV

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ബൈജു ഗോപാലനും, വി.സി. പ്രവീണും സഹനിര്‍മാതാക്കളായെത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലടക്കം ഷൂട്ട് ചെയ്യുന്ന ചിത്രമായതിനാല്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമടക്കമുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രൊജക്ടിന്റെ ഭാഗാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യ നായകനായെത്തുന്ന കത്തനാര്‍, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ തുടങ്ങി ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും L367.

Content Highlight: Poster of Mohan Lal New film L367 out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more