| Thursday, 30th April 2026, 10:59 am

PR ബലത്തില്‍ മുഖ്യമന്ത്രിയാകാമെന്നുള്ള മോഹം വിലപ്പോവില്ല; വി.ഡി സതീശനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എക്‌സിറ്റ് പോളുകള്‍ കൂടി വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

വി.ഡി. സതീശന്റെ മുഖ്യമന്ത്രി മോഹങ്ങളെ കടുത്ത ഭാഷയിലാണ് പോസ്റ്റര്‍ വിമര്‍ശിക്കുന്നത്. പി.ആര്‍. വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിക്കാനാണ് സതീശന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം കേരളത്തില്‍ വിലപ്പോകില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

‘ പി.ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല,’ എന്നായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടേതെന്ന പേരില്‍ പതിച്ച പോസ്റ്ററിലെ വാചകം.

അതിനിടെ നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന വഴിപാടുകളും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സി.എം. അനില്‍കുമാര്‍ ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ചര്‍ച്ചകള്‍ അതിരുകടന്നതോടെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഘടകകക്ഷികള്‍ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ കര്‍ശന താക്കീതും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച മുഖ്യമന്ത്രി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരിലേക്ക് വഴിമാറിയതോടെയാണ് വിഷയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്.

അതേസമയം എക്‌സിറ്റ് പോള്‍ സര്‍വേകള്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഭരണം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

പാര്‍ട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചത്.

പിണറായി വിജയന് മുന്‍തൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ആരെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഫലം വന്ന ശേഷം തീരുമാനം എടുത്താല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ജയിച്ചാല്‍ ടീം യുഡിഎഫിനാണ് ക്രെഡിറ്റ്. ജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളില്‍ വട്ടിയൂര്‍ക്കാവും ഉണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlight: Poster Against VD Satheesan at moovattupuzha

Latest Stories

We use cookies to give you the best possible experience. Learn more