| Tuesday, 24th February 2026, 8:40 pm

ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണ് ക്രിസ്റ്റഫറെന്ന് പോസ്റ്റ്, പൊട്ടിയ പടത്തിന് പ്രൊമോഷന്‍ കൊടുക്കരുതെന്ന് ആരാധകര്‍

അമര്‍നാഥ് എം.

കേരളത്തെക്കുറിച്ച് ഇല്ലാക്കഥ പ്രചരിപ്പിച്ച പ്രൊപ്പഗണ്ട ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയാറെടുക്കുകയാണ്. ആദ്യഭാഗത്തെക്കാള്‍ വലിയ നുണപ്രചരണമാണ് കേരള സ്റ്റോറി 2 എന്ന് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ വ്യക്തമായതാണ്.

സോഷ്യല്‍ മീഡിയ മുഴുവന്‍ കേരള സ്‌റ്റോറി 2നെതിരായ പോസ്റ്റുകളാണ്. എന്നാല്‍ ചിത്രത്തെ ന്യായീകരിച്ചുകൊണ്ടും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സംഘപരിവാര്‍, ഹിന്ദുത്വ അനുകൂല ഐ.ഡികളില്‍ നിന്നാണ് ഭൂരിഭാഗം പോസ്റ്റുകളും. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ എന്ന ചിത്രം ഹിന്ദുക്കള്‍ക്കെതിരെയുള്ള പ്രൊപ്പഗണ്ട ചിത്രമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സര്‍വ്വഗ്രഹരൂപിണി എന്ന സംഘപരിവാര്‍ അനുകൂല ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ ക്രിസ്റ്റഫറിലെ രംഗവും ചേര്‍ത്തിട്ടുണ്ട്. മലയാളസിനിമയിലെ യഥാര്‍ത്ഥ പ്രൊപ്പഗണ്ട എന്താണെന്ന് നോക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ചിത്രത്തിലെ നായകന്റെ പേര് ക്രിസ്റ്റഫര്‍ എന്നാണെന്നും വില്ലന്റെ പേര് സീതാറാം ത്രിമൂര്‍ത്തി എന്നാണെന്നും പ്രത്യേകം എടുത്തുപറയുന്നുണ്ട്.

വില്ലനെ കാണാന്‍ വേണ്ടി അയാളുടെ വീട്ടിലെത്തുമ്പോള്‍ രണ്ട് പേരുടെയും പശ്ചാത്തലത്തിലുള്ളത് കുരുക്ഷേത്ര യുദ്ധത്തിന്റെ പെയിന്റിങ്ങാണെന്നും ഇത് യാദൃശ്ചികതയായി തോന്നുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഹിന്ദുക്കളെയും ഹിന്ദു മുതലാളിമാരെയും വില്ലന്മാരായി ചിത്രീകരിക്കുകയും ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും ഇരകളായും നീതി നടപ്പാക്കുന്നവരായും ചിത്രീകരിക്കുന്നതും പ്രൊപ്പഗണ്ടയല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാല്‍ പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാകാതെ പോയ ക്രിസ്റ്റഫറിന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊടുക്കാനാണ് പോസ്റ്റ് പങ്കുവെച്ചയാള്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ പരിഹസിച്ചു. മമ്മൂട്ടി ഫാന്‍സ് പോലും ഈ സിനിമയെക്കുറിച്ച് മറന്നിരിക്കുകയാണെന്നും ഓര്‍മിപ്പിച്ചത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

‘ഫാന്‍സ് പോലും തിരിഞ്ഞുനോക്കാത്ത സിനിമയില്‍ നിന്ന് ഇത്രയും വലിയ ബ്രില്യന്‍സ് കണ്ടുപിടിക്കാന്‍ ഉപയോഗിച്ച ബുദ്ധി ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ പോലും ഇല്ല’, ആരും ശ്രദ്ധിക്കാത്ത ക്രിസ്റ്റഫറിന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊടുക്കാനുള്ള ശ്രമമാണോ’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെവരുന്ന പല കമന്റുകളും.

Content Highlight: Post that claiming Christopher movie is a propaganda against Hindus viral now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more