ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ തങ്ങളുടേതായ സ്ഥാനം നേടിയ താരങ്ങളാണ് നസ്‌ലെന്‍, മാത്യു തോമസ്, മമിത ബൈജു, സന്ദീപ് പ്രദീപ്, സംഗീത് പ്രതാപ് തുടങ്ങിയവര്‍. കേരളത്തിന് പുറത്തും ഈ താരങ്ങള്‍ തങ്ങളുടെ പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
മലയാളത്തിലെ പല ഹിറ്റ് സിനിമകളുടെ പോസ്റ്ററിലും ഇവരുടെ മുഖം ഫേസ് സ്വാപ്പ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്ററുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചക്രം, ആനച്ചന്തം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങി പല സിനിമകളിലും ജെന്‍ സീ താരങ്ങളെ കാസ്റ്റ് ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ വൈറലായി. ആദ്യമെല്ലാം പലതും ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ അത്തരം പോസ്റ്ററുകള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
അമ്മാവന്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പിലാണ് ഇത്തരം പോസ്റ്റുകള്‍ ധാരാളമായി പങ്കുവെക്കപ്പെടുന്നത്. ആദ്യമെല്ലാം പ്രോത്സാഹനം ലഭിച്ചിരുന്നതിനാല്‍ ഇപ്പോള്‍ ഈ ഗ്രൂപ്പ് ഇത്തരം ഫേസ് സ്വാപ്പ് സ്ഥിരം ഏര്‍പ്പാടാക്കിയിരിക്കുകയാണ്. ഇതിനെതിരെ സിനിമാ പാരഡൈസോ എന്ന ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായി.
ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ജെന്‍ സീ താരങ്ങള്‍ക്കെതിരയുള്ള നെഗറ്റീവ് ക്യാമ്പയിന്‍ പോലെയാണ് ഇത്തരം ഫേസ് സ്വാപ്പ് പോസ്റ്ററുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. പുതിയ പിള്ളേരുടെ സിനിമകള്‍ക്ക് കേരളത്തിന് പുറത്തും റീച്ച് ലഭിക്കുന്നതില്‍ ചില സോഷ്യല്‍ മീഡിയ ബുജികള്‍ക്ക് അസ്വസ്ഥത തോന്നുന്നതിനാലാണ് ഇത്തരം പരിപാടിയെന്നു പോസ്റ്റില്‍ പറയുന്നുണ്ട്.
ക്ലാസിക് സിനിമകളില്‍ ഇത്തരം ഫേസ് സ്വാപ്പ് കൊണ്ടുവന്ന് ആ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലൂടെ പുതിയ താരങ്ങളോട് നെഗറ്റീവ് ആറ്റിറ്റിയൂഡ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. വര്‍മ മഹീന്ദ്ര രാജ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.
ഇതിന് പിന്നാലെയാണ് അമ്മാവന്‍ ഒപ്പീനിയന്‍ ഗ്രൂപ്പിനെതിരെ പലരും രംഗത്തെത്തിയത്. എന്നാല്‍ ഇത്തരം പോസ്റ്ററുകള്‍ ഫണ്‍ എന്ന രീതിയില്‍ എടുക്കണമെന്നും അതില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് തിരയരുതെന്നും അഭിപ്രായങ്ങളുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തങ്ങളെ അടയാളപ്പെടുത്തിയ താരങ്ങളെ മനപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Post saying that Face Swap edit posters of Gen Z stars are fed up now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ