| Wednesday, 9th November 2011, 12:48 am

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ ഉയര്‍ത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തും. നിലവിലെ മൂന്നര ശതമാനത്തില്‍ നിന്ന് പലിശ നാലുശതമാനമായി ഉയര്‍ത്തുക. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന തുക ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പലിശ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 2011 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെയാണ് നിരക്ക് വര്‍ധന നടപ്പിലാകുക.

കാലപരിധി ബാധകമല്ലാത്ത പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപങ്ങളുടെ പലിശ പുതുക്കിയ നിരക്ക് പ്രകാരം, അഞ്ചു വര്‍ഷത്തെ നിക്ഷേപത്തിന് എട്ട് ശതമാനം വരെ പലിശ ലഭിക്കും. ഇതോടൊപ്പം പി.പി.എഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് നിലവിലെ എട്ട് ശതമാനത്തില്‍ നിന്ന് 8.2 ശതമാനമാകും.

നടപ്പ് സാമ്പത്തിക വര്‍ഷം ചെറുകിട നിക്ഷേപ പദ്ധതികള്‍ വഴി 24,182 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത്തരം നിക്ഷേപ പദ്ധതികളില്‍ നിന്ന് ഇതു വരെ 11,000 കോടി രൂപ പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പണം പിന്‍വലിച്ച് ബാങ്കുകളിലും മറ്റും നിക്ഷേപിക്കുന്നതിനാലാണ് ഇത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റൊരു ചെറുകിട നിക്ഷേപ പദ്ധതിയായ കിസാന്‍ വികാസ് പത്ര് നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതുള്‍പ്പെടെ നിക്ഷേപ പദ്ധതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ശ്യാമള ഗോപിനാഥ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ധനമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സമര്‍പ്പിച്ചിരുന്നു.

Malayalam News

We use cookies to give you the best possible experience. Learn more