മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ജയറാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇന്‍ഡസ്ട്രിയില്‍ കത്തി നില്‍ക്കുമ്പോഴും ജയറാമിന്റെ സിനിമകള്‍ കാണാന്‍ ഒരു പ്രത്യേക ഫാന്‍ബേസ് ഉണ്ടായിരുന്നു.
മനസിനക്കരെ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നാടന്‍ പെണ്ണും നാട്ട് പ്രമാണിയും, വണ്‍ മാന്‍ ഷോ തുടങ്ങി ഫീല്‍ഗുഡ് ഫാമിലി സിനിമകള്‍ നിരവധി ചെയ്ത താരം കുടുംബ പ്രേക്ഷകരുടെ ഫേവറേറ്റ് ലിസ്റ്റില്‍ എപ്പോഴും ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടിലെ മിക്ക സിനിമകളും ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന ചിത്രങ്ങളാണ്.
ഇപ്പോഴിതാ ജയറാമിനെ കുറിച്ചുള്ള പുതിയൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോമഡി റോളുകളും സാധാരണക്കാരന്റെ വേഷവും ചെയ്യുന്ന ജയറാമിന് ഒരു മാസ് ഹീറോ ആകാനുള്ള സ്വാഗില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അടുത്തിടെ റിവ്യൂവര്‍ അശ്വന്ത് കോക്ക് ഈ കാര്യം പറഞ്ഞതിന് പിന്നാലെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും ചിലര്‍ രംഗത്തെത്തിയിരുന്നു.
ജയറാമിന് മാസ് ഹീറോ ആകാനുള്ള സ്വാഗ് ഇല്ലാഞ്ഞിട്ടല്ലെന്നും അദ്ദേഹത്തിന്റെ പീക്ക് ടൈമില്‍ മാസ് സിനിമകള്‍ അധികം ചെയ്യാത്തത് കൊണ്ടാവാം അങ്ങനെയൊരു നറേഷന്‍ ഉണ്ടായതെന്നും ഒരു വിഭാഗം പറയുന്നു. നിരവധി സിനിമകള്‍ ഉദാഹരണസഹിതം നിരത്തിക്കൊണ്ട് പല അഭിപ്രായങ്ങളും നിറയുന്നുണ്ട്. സൂര്യപുത്രന്‍ എന്ന സിനിമയില്‍ ദേവ്ജി ആയിട്ടുള്ള ഒരു സീനില്‍ സ്വാഗുണ്ടെന്നും നല്ല പ്രായത്തില്‍ അദ്ദേഹത്തെ ആരും ഉപയോഗപ്പെടുത്തിയില്ലെന്നും അഭിപ്രായങ്ങളുണ്ട്.
എന്നാല്‍ മറ്റ് നടന്മാരെ പോലെ ഒരു മുഴുനീള മാസ് സിനിമ ജയറാമിനെ കൊണ്ട് എടുത്താല്‍ പൊങ്ങില്ലെന്നും ഒന്നിടവിട്ട മാസ് സീനുകകളൊക്കെ വഴങ്ങുമെന്നും അഭിപ്രായങ്ങള്‍ നിറയുന്നു. മനസിനക്കരെ സിനിമയില്‍ മധുപാലിനെ ഒന്നുമല്ലാതെയാക്കി വിടുന്ന സീനൊക്കെ മാസ് ആണെന്നും എന്നാല്‍ സിനിമ മുഴുവനായി അങ്ങനെ പറ്റില്ലെന്നും പറയുന്നു.
എന്നാല്‍ സത്യം അതല്ലെന്നും ജയറാമിന് അത്തരം വേഷം ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഒരു കൂട്ടര്‍ പറയുന്നു. നാടന്‍ പെണ്ണും നാട്ട് പ്രമാണിയും പോലുള്ള സിനിമകളില്‍ ഗെറ്റപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ജയറാം പ്രശ്‌നമാക്കിയിട്ടുണ്ടെന്നും സേഫ് സോണായ കുടുംബ സിനിമകളാണ് അദ്ദേഹം എപ്പോഴും തെരഞ്ഞെടുക്കാറുള്ളതെന്നും അഭിപ്രായങ്ങളുണ്ട്.
എന്നാല്‍ രണ്ടാം വരവ്, ഉത്തമന്‍, സത്യ, മയിലാട്ടം, കൊട്ടാരം വീട്ടില്‍ അപ്പൂട്ടി എന്നീ സിനിമകളില്‍ നല്ല പെര്‍ഫോമന്‍സാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്.
ആശകള്‍ ആയിരമാണ് ജയറാമിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നീണ്ട 22വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസും ഒന്നിച്ച ചിത്രം പ്രേക്ഷകരില്‍ നിന്ന സമ്മിശ്ര അഭിപ്രായങ്ങളാണ് നേടിയത്. വടക്കന്‍ സെല്‍ഫിയിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്തത്. എബ്രഹാം ഓസ്‌ലറിന് ശേഷം ജയറാം നായക വേഷത്തിലെത്തിയ മലയാള ചിത്രം കൂടിയായിരുന്നു ആശകള്‍ ആയിരം.
Content Highlight: Post goes viral saying Jayaram can’t do a full-length mass film