| Tuesday, 17th March 2026, 10:58 pm

ഏത് ലിയോ ലിയോയെക്കെ തീര്‍ന്നു, എമ്പുരാന്‍ തീര്‍ത്തു; ആട് 3ക്ക് പറ്റിയില്ല ഇനി ദൃശ്യം 3 യുടെ ഊഴം

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലധികമായി നീണ്ടുനില്‍ക്കുന്ന അഭിനയജീവിതത്തിലൂടെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര വലിയ കോട്ടയാണ് കേരളത്തിലെ ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍ സൃഷ്ടിച്ചിരിക്കുന്നത്. പോസിറ്റീവ് കിട്ടുന്ന ചിത്രങ്ങളെയെല്ലാം അതിന്റെ പരമാവധി കളക്ഷനിലേക്കെത്തിക്കാന്‍ കഴിയുന്ന താരത്തിന്റെ കഴിവ് മലയാളത്തില്‍ മറ്റൊരു നടനും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്.

എമ്പുരാന്‍. Photo: TOI

നോട്ട് നിരോധന സമയമായിരുന്നിട്ടും മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി പുലിമുരുകന്‍ മാറിയതും ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് കൂടി വന്‍ ഹൈപ്പിലെത്തിയ ഒടിയന്‍ റെക്കോര്‍ഡ് ഓപ്പണിങ് ഡേ കളക്ഷനിട്ടതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുറമെ മറ്റൊരു താരത്തിനോ ചിത്രങ്ങള്‍ക്കോ റിലീസിന് മുമ്പ് ബോക്‌സ് ഓഫീസില്‍ കാര്യപ്പെട്ട സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന്.

മലയാളത്തിലെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള സിനിമാ ഫ്രാഞ്ചൈസിലൊന്നായ ആടിന്റെ മൂന്നാം ഭാഗം മാര്‍ച്ച് 19 ന് തിയേറ്ററില്‍ റിലീസിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ച വീണ്ടും സജീവമാകുന്നത്. വലിയ ഹൈപ്പില്‍ ഒരുങ്ങുന്ന ചിത്രമായിട്ട് കൂടി ആട് 3ക്ക് പ്രീ ബുക്കിങ്ങില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍ പ്രീ ബുക്കിങില്‍ ഉണ്ടാക്കിയ ഓളവുമായി ബന്ധപ്പെടുത്തിയാണ് പലരും വിഷയം താരതമ്യം ചെയ്യുന്നത്.

എമ്പുരാന്‍ വരുന്നത് വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ ബുക്കിങ് നേടിയ ചിത്രമെന്ന റെക്കോഡ് കൈവശം വെച്ചിരുന്നത് വിജയ് ചിത്രമായ ലിയോയിരുന്നു. ഒരു അന്യഭാഷ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാഹചര്യത്തിനായിരുന്നു എമ്പുരാന്‍ വരുന്നതുവരെ സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. വിജയ് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പരിഹാസവും മലയാളി താരങ്ങള്‍ നേരിട്ടിരുന്നു.

എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തിയാണ് എമ്പുരാന്‍ റിലീസിനെത്തിയത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എമ്പുരാന്റെ എല്ലാ ടിക്കറ്റുകളും വിറ്റഴിക്കുന്നതടക്കം കണ്ടുപരിചയിട്ടില്ലാത്ത കാഴ്ച്ചകള്‍ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ആറ് ലക്ഷത്തില്‍ പരം ടിക്കറ്റുകളാണ് വിറ്റുപോയത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ കല്‍ക്കി, പുഷ്പ, ജവാന്‍ തുടങ്ങിയവയുടെ റെക്കോര്‍ഡുകളാണ് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്.

ലിയോ. Photo: The Indian Express

ഇതേ സാഹചര്യമാണ് മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദൃശ്യം 3 യുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ പല തിയേറ്ററുകളിലും അനൗദ്യോഗികമായി ദൃശ്യം 3 യുടെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Post goes Viral of how Mohanlal movie Empuran hold record collection in pre booking sale

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more