| Thursday, 23rd April 2026, 11:24 am

അഖില്‍ മാരാര്‍ മുതല്‍ രാഹുല്‍ മാങ്കൂട്ടം വരെ, അഭിലാഷ് പിള്ളയുടെ ഫ്രണ്ട്‌സ് ലിസ്റ്റ് കിടിലമാണെന്ന് പറയുന്ന പോസ്റ്റ് വൈറല്‍

അമര്‍നാഥ് എം.

എഴുതിയ തിരക്കഥകളെല്ലാം ശരാശരിക്ക് താഴെയുള്ള നിലവാരം മാത്രമുള്ള മോളിവുഡിലെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. വെള്ളം, സുമതി വളവ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായ മുരളി കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയിലൂടെ അഭിലാഷ് പിള്ള വീണ്ടും ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ്. സുമതി വളവ്, നദികളില്‍ സുന്ദരി യമുന തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ചെന്നാണ് മുരളി വീഡിയോയില്‍ പറയുന്നത്.

ഇതിന് പിന്നാലെയാണ് അഭിലാഷ് പിള്ളക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനമുയരുന്നത്. സീരിയല്‍ ലെവല്‍ തിരക്കഥകള്‍ മാത്രമൊരുക്കുന്ന അഭിലാഷ് പിള്ള ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ശ്രദ്ധ നേടിയത് മറ്റൊരു പോസ്റ്റാണ്.

ദേവ് പ്രകാശ് എന്ന ഫേസ്ബുക്ക് ഐ.ഡി അഭിലാഷ് പിള്ളയുടെ സുഹൃദ്‌വലയത്തെക്കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. ഒരാളുടെ സ്വഭാവം അറിയാന്‍ അയാളുടെ നാല് സുഹൃത്തുക്കളെ നോക്കിയാല്‍ മതി എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. അഭിലാഷ് പിള്ള തന്റെ പ്രൊഫൈലില്‍ പങ്കുവെച്ച നാല് ഫോട്ടോസും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അഖില്‍ മാരാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോസാണ് പോസ്റ്റിലുള്ളത്. ഓരോരുത്തരെക്കുറിച്ചും അഭിലാഷ് പറഞ്ഞ വാക്കുകളും പോസ്റ്റില്‍ കാണാനാകും. 2024ലാണ് അഖില്‍ മാരാറുമൊത്തുള്ള ചിത്രം അഭിലാഷ് പങ്കുവെച്ചത്. ആറ് വര്‍ഷം മുമ്പ് സിനിയമില്‍ കയറാന്‍ ശ്രമിച്ച സുഹൃത്തെന്ന നിലയിലാണ് അഖിലിനെ വിശേഷിപ്പിക്കുന്നത്.

‘പണി പഠിപ്പിച്ച ആശാന് പിറന്നാളാംശസകള്‍’ എന്നാണ് ബാദുഷയുടെ ഫോട്ടോക്ക് നല്‍കിയ ക്യാപ്ഷന്‍. ഹരീഷ് കണാരനെ പൈസ കൊടുക്കാതെ പറ്റിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമേറ്റുവാങ്ങിയ ആളാണ് ബാദുഷ. അഭിലാഷിനെ ഇത്തരത്തില്‍ പണി പഠിപ്പിച്ചത് ബാദുഷയാകാമെന്ന് ചിലര്‍ ട്രോളുന്നുമുണ്ട്.

‘നല്ല സുഹൃത്തുക്കളെന്നും ജീവിതത്തിന് ധൈര്യമാണ്. സുമതി വളവിന്റെ ലൊക്കേഷനില്‍ പഴയ സുഹൃത്ത്’ എത്തിയപ്പോള്‍ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇത്തരം സുഹൃത്തുക്കളുള്ള അഭിലാഷ് പിള്ള ഇങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ദേവ് പ്രകാശ് തന്റെ പോസ്റ്റില്‍ പറയുന്നത്. അഭിലാഷില്‍ നിന്ന് ഇതിനെക്കാള്‍ വലുത് ഇനി വരാന്‍ സാധ്യതയുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ബോക്‌സ് ഓഫീസില്‍ 30 കോടിയിലേറെ നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ട ചിത്രമായിരുന്നു സുമതി വളവ്. എന്നാല്‍ ഈ ചിത്രം തനിക്ക് ഏഴ് കോടിയോളം നഷ്ടം സമ്മാനിച്ചെന്നാണ് നിര്‍മാതാവ് മുരളി പറയുന്നത്. സിനിമാലോകത്ത് തന്നെപ്പോലെ ഒരുപാട് ആളുകള്‍ പറ്റിക്കപ്പെടുന്നുണ്ടെന്നും മുരളി പറഞ്ഞു.

Content Highlight: Post about trolling Abhilash Pillai viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more