ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമായി എത്തിയ ചിത്രമാണ് ഇഡലി കടൈ. നിത്യാ മേനോനും ധനുഷും പ്രധാനവേഷത്തിലെത്തിയ ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞദിവസം നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. തിയേറ്ററില്‍ ശരാശരി വിജ
യം മാത്രം നേടിയ ഇഡ്‌ലി കടൈ് ഒ.ടി.ടിയില്‍ ട്രോളുകള്‍ക്ക് വിധേയമായിരുന്നു.
2025ലും ഔട്ട്ഡേറ്റഡായ കഥ കൊണ്ട് വന്നതിനാലാണ് ധനുഷിനെ പലരും ട്രോളുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സിനിമയെ കളിയാക്കി കൊണ്ടുള്ള കുറേ പോസ്റ്റുകള്‍ കാണാം. പാസം എലമെന്റ് അനാവശ്യമായി ഉപയോഗിച്ചിച്ചെന്ന് പറഞ്ഞാണ് വിമര്‍ശനങ്ങള്‍ ഏറെ വരുന്നത്.
എത്ര തന്നെ ഉയരത്തിലെത്തിയാലും സമ്പാദിച്ചാലും ഗ്രാമങ്ങളുടെ സ്നേഹം അവയ്ക്ക് നല്കാനാകില്ലെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്.
പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളെ കണക്ടാക്കാന്‍ പാസം എന്ന എലമെന്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ എല്ലാത്തിനും ഒരു അളവ് വേണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഈ സിനിമ അവസാനിക്കുമ്പോഴേക്കും ഇനി നമ്മള്‍ ജീവിതത്തില്‍ ഒരു ഇഡലി പോലും കഴിക്കില്ലെന്നും, കഴിയുമെങ്കില്‍ കൊത്തുപൊറോട്ട പതിവാക്കുമെന്നും ശപഥമെടുക്കുമെന്നും പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വൈറല്‍. അസ്‌ലു മുഹമ്മദ് എഴുതിയ പോസ്റ്റിന് താഴെ സിനിമയെ കുറിച്ചുള്ള നല്ല, ചിരിപ്പിച്ച് കൊല്ലുമോ, പച്ച മലയാളിയുടെ ലൈക്ക് എന്നിങ്ങനെയുള്ള കമന്റ് കാണാം.
പോസ്റ്റിന്റെ പൂര്‍ണരൂപം: ഇഡലി കടൈ സിനിമയെ കുറിച്ചുള്ള പോസ്റ്റ് വൈറല്‍
ആണ്ടിപ്പെട്ടി മാവട്ടത്തില്‍ ഇഡലിക്കട നടത്തുന്ന ഒരു പച്ചത്തമിഴനാണ് രാജ്കിരണ്‍. അധൂനിക ഗ്രൈന്റര്‍ യുഗത്തിലും, ആട്ടുകല്ലില്‍ മാവാട്ടി, ഇഡലിയുണ്ടാക്കുന്ന ഒരു പ്രാചീന ഗോത്രവര്‍ഗ്ഗക്കാരന്‍. വെളുപ്പിനെ മൂന്നുമണിയ്‌ക്കെഴുനേറ്റ്, കുളിച്ചു കുറിതൊട്ട്, ഒരു മണവാട്ടിയുമടിച്ച് ഇയാള്‍ മാവാട്ടും. എന്നിട്ട് ഇഡലിയുണ്ടാക്കും. ആ മാവട്ടത്തിലെ മുഴുവട്ടന്‍ ഇയാള്‍തന്നെ. അവിടുള്ള പഴുത്ത തമിഴന്മ്മാരെല്ലാം ഈ പച്ചത്തമിഴന്റെ കടയില്‍ നിന്നാണ് ഇഡലി കഴിക്കുന്നത്. അതും ഓസിന്. അതില്‍ത്തന്നെ സ്‌കൂളില്‍ പഠിക്കുന്ന പച്ചത്തമിഴ് പിള്ളേര്‍ക്ക് ഇഡലിയും ചട്ട്ണിയും ഫ്രീ.
അങ്ങനെ 8 ബെഞ്ചും 16 കസ്റ്റമേഴ്‌സുമായിത്തുടങ്ങിയ ആ ചെറുകിട സൗരംഭമിന്ന്, രണ്ടു ബെഞ്ചും നാലുപേരും മാത്രമായി ശേഷിക്കുന്ന വന്‍കിട ബിസിനസ്സായി മാറിയിരിക്കുന്നു. നല്ല സംരംഭകന്‍ തന്നെ.
ഇയാളുടെ ഏക മകനാണ് ധനുഷ്. പുള്ളിയങ്ങ് മലേഷ്യയില്‍ മലേഷ്യ വാസുവിന്റെ ബര്‍ഗര്‍ കമ്പനിയില്‍ ഫുഡ് ഇന്‍സ്‌പെക്ടറാണ്. ധനുഷിന്റെ ഫുഡ് ഇന്‍സ്പെക്ഷന്റെ ഗുണം കൊണ്ട് നാട്ടുകാര്‍ക്ക് മൊത്തം ഫുഡ് ഇന്‍ഫെക്ഷനാവുന്നു.
ഇത് കണ്ട് വാസുവിന്റെ മകള്‍ നാരായണി സില്‍വസ്റ്റര്‍ ഇയാളെക്കേറി പ്രേമിക്കുന്നു.
അങ്ങനിരിക്കുമ്പോ ഒരുദിവസം അരച്ചോണ്ടിരുന്ന ആട്ടു കല്ലെടുത്ത് ഡംബലടിക്കുന്ന രാജ്കിരണ്‍, ആട്ടുകല്ലില്‍ത്തന്നെ കമിഴ്ന്നു വീണ് ‘ഡിം’ ആകുന്നു. അവസാനമായി അപ്പനെ കാണാന്‍ ഗദ്ഗദമടിച്ചു വരുന്ന ധനുഷ്, ആണ്ടിപ്പെട്ടി മാവട്ടത്തില്‍ കാലു കുത്തുമ്പോത്തന്നെ അവശേഷിക്കുന്ന മമ്മിയും ഡെഡ്.
ഓഹ് ഗോഡ്! ഒരു വെടിയ്ക്ക് രണ്ട് ബേര്‍ഡ്‌സ് എന്നമട്ടില്‍ ആകെ സെന്റിയായി ദെണ്ണമടിച്ചിരിക്കുമ്പോഴാണ് വീട്ടിലെ പശു പ്രസവിക്കുന്നത്. ഈ പശുക്ടാവ് അപ്പന്‍ രാജ്കിരണിന്റെ പുനര്‍ജ്ജന്മമാണെന്ന് ധനുഷ് വിശ്വസിക്കുന്നു. അതിന് കൊടുക്കുന്ന കാടിവെള്ളോം, പിണ്ണാക്കും അപ്പനെ സ്മരിച്ച് അണ്ണാക്കിലോട്ട് കേറ്റുന്നു മിസ്റ്റര്‍ ധനുഷ്. നല്ല 916 പച്ചത്തമിഴന്‍തന്നെ!
എന്തായാലുമിനി മലേഷ്യയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച ധനുഷ്, അപ്പന്റെ കട റണ്‍ ചെയ്ത് ഗ്രാമവാസികളായ പച്ചത്തമിഴന്‍മ്മാരെ കമിഴ്ത്തി എങ്ങനേലും ജീവിക്കാമെന്നു പ്ലാന്‍ചെയ്യും. ചൈല്‍ഡ്ഹുഡ് ഫ്രണ്ടായ നിത്യാമേനോനെയും കൂടെക്കൂട്ടി ആശാന്‍ ഇഡലിയുണ്ടാക്കും.നാട്ടുകാര്‍ക്ക് വായില്‍വെക്കാന്‍ കൊള്ളാത്ത ഇഡലിയുണ്ടാക്കി കൊടുത്തിട്ട് ധനുഷിന്റെ ഒരു നില്‍പ്പുണ്ട്, ‘എങ്ങനുണ്ട് മച്ചമ്പീ, ഫുഡ് കിടുവല്ലേ ഇഹ് ഇഹ്…’ എന്നമട്ടില്‍.
‘അട പോടാ, ഇതൊക്കെ ഒരിട്‌ലിയാ… ഇട്‌ലിന്ന് പറയുമ്പോ അത് രാജ്കിരണിന്റെ ഇട്‌ലിയായിരുന്നു’ എന്നും പറഞ്ഞു പച്ചത്തമിഴന്‍മാര്‍, അകത്താക്കിയ ഇഡലി, മഞ്ഞക്കളറില്‍ ശര്‍ദ്ദിക്കുന്നു. രാജ്കിരണിന്റെ കിണ്ടിയെന്നും പറഞ്ഞ്, ഉണ്ടാക്കിവെച്ച ഇഡലിയെല്ലാം ഡണ്‍ലപ് മെത്തപോലെ തറയില്‍ നിരത്തിയിട്ട് ധനുഷും നിത്യമേനോനും അതിന്റെ മോളില്‍ക്കിടന്നുറങ്ങും.
വെള്ളത്തമിഴന്‍ തന്നെ! പിറ്റേന്ന്, അപ്പനേപ്പോലെ വെള്ള സട്ടയും, വേഷ്ടിയും കെട്ടി കുറിയും തൊട്ട്, വെളുപ്പിന് മൂന്നു മണിക്ക് ധനുഷിരുന്നു മാവാട്ടും. എന്നിട്ട് ഇഡലിക്കടയിലേക്ക് ഒരു ടോര്‍ച്ചു പോലുമില്ലാതെ നടക്കും. കടയുടെ മുന്നില്‍ പത്തുവെളുപ്പിന് ഇഡലിയാട്ടാന്‍ ആവേശത്തോടെ കാത്തു നില്‍ക്കുന്ന ഗ്രാമത്തുപ്പൊണ്ണു നിത്യ, അരണ്ട വെളിച്ചത്തില്‍ ദൂരേന്നിന്നും വരുന്ന ഈ വെള്ളരൂപത്തെ കണ്ട് ‘ഹ്രീയ്യോ’ എന്നും അലറിക്കൊണ്ട് തലകറങ്ങി താഴെ വീഴുന്നു.
ഒരുവിധത്തില്‍ നിത്യയെ പൊക്കി ധനുഷ് മാവാട്ടും. ഗ്രഹപ്പിഴയ്ക്ക് അന്നത്തെ ഇഡലി പച്ചത്തമിഴന്‍മ്മാര്‍ക്കങ്ങിഷ്ടപ്പെടുകയും ചെയ്യും. അതോടെ ഗതികേടിലായ നിത്യ മേനോന്‍ പ്രാകിക്കൊണ്ടാണെങ്കിലും ധനുഷിനൊപ്പം തന്നെ, തുടര്‍ന്നും മാവാട്ടാന്‍ തീരുമാനിക്കും.
തൊട്ടപ്പുറത്ത് പൊറോട്ടക്കട നടത്തുന്ന സമുദ്രക്കനിയ്ക്ക് ഈ മാവാട്ടലൊന്നും അത്ര പിടിക്കുന്നില്ല.
ചെറുപ്പം മുതല്‍ രാജ്കിരണിന്റെ ഇഡലി കഴിച്ചു മടുത്തിട്ടാണ് അയാള്‍ വലുതായപ്പോ ഒരു പൊറോട്ടക്കട തന്നെ തുടങ്ങിയത്. അങ്ങേരു ഡിമ്മായപ്പോ സമാധാനമായെന്നു പുള്ളി വിചാരിച്ചതുമാണ്. അപ്പോഴാണ് പുള്ളീടെ മകന്‍ പഴേപോലെ ഊള ഇഡലിയുമുണ്ടാക്കി നാട്ടുകാര്‍ക്ക് മൊത്തം ഫ്രീ കൊടുക്കാന്‍ തുടങ്ങുന്നത്. ആളുകള്‍ എങ്ങോട്ട് പോകും? വായില്‍ വെക്കാന്‍ കൊള്ളില്ലേലും ഫ്രീ കിട്ടുന്നിടത്ത് പോകും. ഇതോടെ സമുദ്രക്കനി ആകെ വിഷമത്തിലാകും. അയാള്‍ ധനുഷിന്റെ അപ്പനായ പശുക്ടാവിനെ കൊല്ലാന്‍ വടിവാളുമായി ഇറങ്ങും.
ഈ സമയത്ത് അത്രയ്ക്ക് പച്ചയല്ലാത്ത തമിഴന്‍, നമ്മുടെ പഴേ ബര്‍ഗര്‍ മുതലാളിയുടെ മകന്‍-അരുണ്‍ വിജയ്, ധനുഷിന്റെ ഇഡലിക്കട തകര്‍ക്കാന്‍ ആളും ആരവവുമായി വരുന്നു. അങ്ങ് മലേഷ്യേക്കെടക്കുന്ന അവന് എന്തൊരു അസുഖമാണെന്ന് നോക്കിക്കേ, ഇങ്ങീ ആണ്ടിപ്പെട്ടി മാവട്ടത്തിലെ ഈ പേട്ടു കട തല്ലിത്തകര്‍ക്കാന്‍.
അങ്ങനെ ആകെ സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍..ഈ സിനിമ അവസാനിക്കുമ്പോഴേക്കും ഇനി നമ്മള്‍ ജീവിതത്തില്‍ ഒരിഡലി പോലും കഴിക്കില്ലെന്നും, കഴിയുമെങ്കില്‍ കുത്തുപൊറോട്ട പതിവാക്കുമെന്നും ശപഥമെടുക്കും. ഇനിയൊരു പച്ചത്തമിഴന്‍ മുന്നില്‍ വന്നു പെട്ടാല്‍ എന്തുവിലകൊടുത്തും അവനെ കണ്‍വീന്‍സ് ചെയ്ത് ഒരു നീലത്തമിഴനോ മഞ്ഞത്തമിഴനോ ആക്കി മാറ്റണമെന്നും നമ്മള്‍ ഇതോടെ തീരുമാനിക്കും.
Content highlight: Post about the movie Idali Kadai goes viral