മൂന്ന് മാസത്തോളമായി ഉറങ്ങിക്കിടക്കുന്ന തിയേറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തിയപ്പോള്‍ ബോക്‌സ് ഓഫീസിലും അതിന്റെ ബട്ടര്‍ഫ്‌ളൈ ഇഫക്ട് ലഭിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 100 കോടി എന്ന അപൂര്‍വ നേട്ടവും ചിത്രം സ്വന്തമാക്കി.
ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസുള്ള ചുരുക്കം ഫ്രാഞ്ചൈസികളിലൊന്നാണ് ആട്. ആദ്യഭാഗം പരാജയമായ ചിത്രത്തിന്റെ പിന്നീടുള്ള രണ്ട് ഭാഗങ്ങളും ബ്ലോക്ക്ബസ്റ്ററായി മാറി. ഷാജി പാപ്പന്‍, സാത്താന്‍ സേവ്യര്‍, ഡ്യൂഡ്, സര്‍ബത്ത് ഷമീര്‍ തുടങ്ങി കോമിക് ടച്ചുള്ള കഥാപാത്രങ്ങളാണ് ആട് ഫ്രാഞ്ചൈസിയിലെ മെയിന്‍.
ഇപ്പോഴിതാ ആട് സീരീസും മൊബൈല്‍ ഗെയിമായ മിനി മിലീഷ്യയും തമ്മിലുള്ള ബന്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ജോസഫ് കുരുവിള എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റ് വൈറലായി. ആടിന്റെ ആദ്യഭാഗം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായപ്പോഴായിരുന്നു മിനി മിലീഷ്യയും ശ്രദ്ധിക്കപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ആദ്യത്തെ വേര്‍ഷനില്‍ പല പ്ലെയേഴ്‌സിന്റെയും പേര് ആടിലെ കഥാപാത്രങ്ങളുടേതായിരുന്നു. ഷാജി പാപ്പന്‍, സര്‍ബത്ത് ഷമീര്‍, ഡ്യൂഡ്, സാത്താന്‍ സേവ്യര്‍ തുടങ്ങിയ ഐ.ഡികള്‍ വൈറലായിരുന്നെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. പിന്നീട് ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ രംഗപ്രവേശം ചെയ്തതോടെ മിനി മിലീഷ്യയുടെ ഡിമാന്‍ഡ് ഇടിഞ്ഞു.
2017ല്‍ ആടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ മിനി മിലീഷ്യ ഗെയിമിനെ പുതിയൊരു കമ്പനി വാങ്ങിയെന്നും പോസ്റ്റില്‍ പറയുന്നു. 2018ല്‍ പബ്ജി പോപ്പുലറാകുന്നതുവരെ മിനി മിലീഷ്യയും നിറഞ്ഞുനിന്നെന്നും ജോസഫ് കുരുവിള കൂട്ടിച്ചേര്‍ത്തു. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മിനി മിലീഷ്യ വീണ്ടും ആളുകള്‍ക്കിടയില്‍ ട്രെന്‍ഡായത് അടുത്തിടെ ചര്‍ച്ചയായിരുന്നു.
മിനി മിലീഷ്യയുടെ മൂന്നാം വരവിനൊപ്പം ആടിന്റെ മൂന്നാം വരവും ചര്‍ച്ചയായി. ഇത് വെറും യാദൃശ്ചികതയായി കരുതാനാകില്ലെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പഴയകാല പ്ലെയേഴ്‌സെല്ലാം അവരുടെ നൊസ്റ്റാള്‍ജിയ അയവിറക്കുന്നുണ്ട്.
ആദ്യമൊക്കെ ഷാജി പാപ്പന്‍, ഡ്യൂഡ് തുടങ്ങിയ പേരുകള്‍ കണ്ട് പലരും പരിഹസിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ആ പേര് കൂടുതല്‍ പോപ്പുലറായെന്നുമാണ് പല കമന്റുകളും. പുതിയ വേര്‍ഷനിലും മൈത്രേയന്‍, കടുവ പ്രസാദ് തുടങ്ങിയ വ്യത്യസ്തമായ പേരുകളുണ്ടെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു.
Content Highlight: Post about the connection between Aadu franchise and Mini Militia game viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ