സിനിമാപ്രേമികള്‍ക്ക് ഒരുകാലത്ത് ബ്രഹ്‌മാണ്ഡമെന്നാല്‍ സംവിധായകന്‍ ഷങ്കറായിരുന്നു. ഇട്ടുമൂടാനുള്ള ബജറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സിനിമാപ്രേമികളെയെല്ലാം ഷങ്കര്‍ ഞെട്ടിച്ചിരുന്നു. ആദ്യചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഷങ്കര്‍ എന്ന ക്രാഫ്റ്റ്‌സ്മാന്റെ കഴിവ് സിനിമാലോകം മനസിലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഷങ്കറിന് ബോക്‌സ് ഓഫീസില്‍ അത്ര നല്ലകാലമല്ല.
വന്‍ ഹൈപ്പിലൊരുക്കിയ ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് പരാജയമായത്. ഔട്ട്‌ഡേറ്റഡായ കഥകളാണ് ഷങ്കറിന്റെ സിനിമകള്‍ക്ക് തിരിച്ചടിയായത്. പണ്ടുമുതല്‍ക്കേ തന്റെ സന്തത സഹചാരിയായിരുന്ന സുജാത രംഗനാഥന്റെ വിയോഗവും ഷങ്കറിന്റെ സിനിമകളെ പിന്നോട്ടുവലിച്ചു. ഇപ്പോഴിതാ ഷങ്കറിന്റെ പഴയകാല സിനിമകളിലെ ഒരു സാമ്യതയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരിക്കുകയാണ്.
നായകന്മാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തുന്ന ഒരു ഷോട്ടെങ്കിലും ഷങ്കര്‍ തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. രണ്ടാമത്തെ ചിത്രമായ കാതലന്‍ മുതല്‍ക്കാണ് ഷങ്കര്‍ ഈ ട്രെന്‍ഡ് ആരംഭിച്ചത്. നായകനായ പ്രഭുദേവയെ പൊലീസുകാര്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി തല്ലുന്ന സീനുണ്ട്.
കാതലന് ശേഷം ഷങ്കര്‍ ഒരുക്കിയ ഇന്ത്യനില്‍ കമല്‍ ഹാസനെ ഇത്തരത്തില്‍ നിര്‍ത്താന്‍ ഷങ്കര്‍ ചെറിയൊരു ശ്രമം നടത്തിയിരുന്നു. ബോക്‌സറും ടീ ഷര്‍ട്ടും ധരിച്ചുകൊണ്ട് ഒരു സീനില്‍ കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന് ശേഷം പ്രശാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ജീന്‍സിലും ഇത്തരമൊരു രംഗമുണ്ട്.
അര്‍ജുന്‍ നായകനായെത്തിയ മുതല്‍വനില്‍ ഒരു ഫൈറ്റ് സീനില്‍ അര്‍ജുന്‍ അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടാണ് വില്ലന്മാരെ നേരിടുന്നത്. മുതല്‍വന്റെ റീമേക്കായ നായകിലും അനില്‍ കപൂര്‍ ഇതേ സീനുണ്ട്. 2003ല്‍ റിലീസായ ബോയ്‌സില്‍ നായകനായ സിദ്ധാര്‍ത്ഥിനെയും ഇത്തരത്തില്‍ ഷങ്കര്‍ അവതരിപ്പിച്ചു. ബോയ്‌സിന് ശേഷം കുറച്ചുകാലത്തേക്ക് ഷങ്കര്‍ ഈ ട്രെന്‍ഡിന് താത്കാലിക വിരാമം നല്‍കി.
നന്‍പനില്‍ നായകനായ വിജയ്‌യെ ഇത്തരത്തില്‍ അവതരിപ്പിച്ചില്ലെങ്കിലും നായകന്റെ കൂട്ടുകാരായ ജീവ, ശ്രീകാന്ത് എന്നിവരെ ജട്ടി മാത്രം ധരിപ്പിച്ച് പ്രസന്റ് ചെയ്തു. നന്‍പന് ശേഷം ഷങ്കര്‍ ഒരുക്കിയ ഐയില്‍ ബോഡിബില്‍ഡറായ നായകന്റെ ഫൈറ്റ് സീനും ഇത്തരത്തിലൊന്നായിരുന്നു. ഈ സീനുകളുടെയെല്ലാം സ്‌ക്രീന്‍ഷോട്ടോടുകൂടിയാണ് ബിബിന്‍ കുമാര്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. രജിനികാന്തിനെയും വിജയ്‌യെയും മാത്രം ഇതിന് കിട്ടിയില്ലെന്നാണ് ക്യാപ്ഷനില്‍.
പോസ്റ്റിനെക്കാള്‍ രസകരമായ കമന്റുകളുമുണ്ട്. ഒരു വെറൈറ്റിക്ക് വേണ്ടി ഐയില്‍ വില്ലനായ സുരേഷ് ഗോപിയെക്കൊണ്ട് ജെട്ടി എടുപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന കമന്റ് വായനക്കാരെ രസിപ്പിച്ചു. ഇത്തരം വെറൈറ്റിയായിട്ടുള്ള പോസ്റ്റുകള്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുന്നുണ്ട്.
Content Highlight: Post about Shankar’s Cliché elements viral