| Saturday, 22nd August 2026, 3:30 pm

പൃഥ്വി എപ്പോഴൊക്കെ മസില് കാണിച്ചിട്ടുണ്ടോ, പടം ആവറേജാകും... 2008ല്‍ ആരംഭിച്ച 'മസില്‍ ശാപം'

അമര്‍നാഥ് എം.

വന്‍ ഹൈപ്പിലെത്തി സമ്മിശ്ര പ്രതികരണം നേടുകയാണ് പൃഥ്വിരാജ് നായകനായ ഖലീഫ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. കണ്ടുമടുത്ത പഴഞ്ചന്‍ കഥയാണ് ചിത്രത്തിന് വില്ലനായത്. ജിനു അബ്രഹാം ഒരുക്കിയ ഔട്ട്‌ഡേറ്റഡ് സ്‌ക്രിപ്റ്റിനെ വൈശാഖ് തന്റെ മേക്കിങ് കൊണ്ടും പൃഥ്വി തന്റെ പെര്‍ഫോമന്‍സ് കൊണ്ടും ഒരുപരിധി വരെ താങ്ങി നിര്‍ത്തിയിട്ടുണ്ട്.

റിലീസിന് മുമ്പ് ഖലീഫയുടെ ഹൈപ്പുയര്‍ത്തിയ എലമെന്റുകളിലൊന്നായിരുന്നു പൃഥ്വിരാജിന്റെ ലുക്ക്. ആടുജീവിതത്തിനായി മെലിഞ്ഞ പൃഥ്വി ഖലീഫയുടെ ഷൂട്ടിനിടയിലാണ് പഴയതുപോലെ ബള്‍ക്കി ബോഡിയിലേക്ക് മാറിയത്. 2010 കാലഘട്ടത്തില്‍ കണ്ട പഴയ പൃഥ്വിരാജിനെ ഖലീഫയുടെ സ്റ്റില്ലുകളില്‍ കാണാന്‍ സാധിച്ചിരുന്നു.

എന്നാല്‍ ഖലീഫ ശരാശരിയിലൊതുങ്ങിയതോടെ പൃഥ്വിയുടെ മസില്‍ ശാപം ചര്‍ച്ചയായിരിക്കുകയാണ്. പൃഥ്വിരാജ് എപ്പോഴെല്ലാം തന്റെ മസില്‍ കാണിച്ച് അഭിനയിച്ചിട്ടുണ്ടോ, ആ സിനിമകളൊന്നും വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. 2008ലാണ് ഈ മസില്‍ ശാപം പൃഥ്വിയെ പിന്തുടരാന്‍ തുടങ്ങിയതെന്ന് ബിബിന്‍ കുമാര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ഷാഫി സംവിധാനം ചെയ്ത ലോലിപോപ്പിലാണ് പൃഥ്വിരാജിന്റെ മസില്‍ ബോഡി ആദ്യമായി കാണിച്ചത്. അന്നത്തെ കാലത്ത് പൃഥ്വിയുടെ സ്റ്റില്ലുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി ഏഴ് ഹിറ്റുകള്‍ ഒരുക്കിയ ഷാഫിയുടെ കരിയറിലെ ആദ്യ ഫ്‌ളോപ്പ് ലോലിപോപ്പിലൂടെയായിരുന്നു. വന്‍ ഹൈപ്പിലെത്തിയ ചിത്രം പരാജയമായി മാറി.

പുതിയ മുഖത്തിന് ശേഷം ദീപനുമായി കൈകോര്‍ത്ത ഹീറോയിലും പൃഥ്വിരാജിന്റെ മസില്‍ ബോഡി വെച്ച് മാര്‍ക്കറ്റ് ചെയ്തിരുന്നു. ചിത്രം വന്‍ പരാജയമായി മാറി. നാടുവാഴികളെ വരിക്കാശ്ശേരി മനയിലേക്ക് പറിച്ചുനട്ട ഷാജി കൈലാസിന്റെ സിംഹാസനത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മലയാളത്തിലെ ബോഡി ഷോ പോരാഞ്ഞിട്ട് ഹിന്ദിയില്‍ പോയി മസില്‍ പ്രദര്‍ശനം നടത്തിയ അയ്യയും പരാജയമായി മാറി.

എന്നാല്‍ ഗംഭീര ചിത്രമായിരുന്നിട്ടും ഉറുമി പരാജയമായി മാറി. ഈ സിനിമയിലും പൃഥ്വിരാജ് ഗംഭീര ബോഡിയുമായാണ് പ്രത്യക്ഷപ്പെട്ടത്. സന്തോഷ് ശിവന്‍ അണിയിച്ചൊരുക്കിയ ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈവിട്ടു. ഏറ്റവുമൊടുവില്‍ ഖലീഫയിലും സ്ഥിതി വ്യത്യസ്തമല്ല. പൃഥ്വിയുടെ ഈ മസില്‍ ശാപം എന്ന് തീരുമെന്നും ബിബിന്റെ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

Content Highlight: Post about Prthiviraj’s muscle body in his movies viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more