| Thursday, 23rd October 2025, 11:39 am

ജീത്തുജോസഫ് തിരുത്തിയ മണിച്ചിത്രത്താഴ് സ്‌ക്രിപ്റ്റ്; ഗംഗയും നകുലനും നമ്മളുദ്ദേശിച്ച ആള്‍ക്കാരല്ല; വൈറല്‍ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകള്‍ക്ക് പേരുകേട്ട ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ട്വിസ്റ്റുകളുടെ അതിപ്രസരം കാരണം ചിത്രം ട്രോളന്മാര്‍ കീറിമുറിച്ചു. ഇപ്പോഴിതാ ജീത്തു ജോസഫിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴില്‍ ഫാസിലിന്റെ സഹായികളില്‍ ഒരാളായി ജീത്തു ജോസഫ് ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്. സുധീഷ് പുല്ലാട് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചത്. സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്- ലാല്‍, ഇവര്‍ക്കൊപ്പം ജീത്തുവിനെയും ഫാസില്‍ കൂടെക്കൂട്ടിയെന്ന് പോസ്റ്റില്‍ പറയുന്നു.

ശ്രീദേവിയല്ല, ഗംഗയാണ് നാഗവല്ലിയെന്നറിയുന്ന ട്വിസ്റ്റും ക്ലൈമാക്‌സിലെ യാത്ര പറച്ചില്‍ സീനുമാണ് ജീത്തുവിന് ഡയറക്ട് ചെയ്യാന്‍ കിട്ടിയതെന്നും പ്രാധാന്യമല്ലാത്ത സീനായതിനാല്‍ ഫാസില്‍ മറ്റ് സീനുകളിലേക്ക് പോയെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ സ്‌ക്രിപ്റ്റ് വായിച്ച ജീത്തുവിന് ട്വിസ്റ്റില്‍ തൃപ്തി വന്നില്ലെന്നും സ്‌ക്രിപ്റ്റ് തിരുത്തിയെന്നും സുധീഷ് തന്റെ പോസ്റ്റില്‍ കുറിച്ചു.

സണ്ണിയും നകുലനും ഗംഗയും ‘വരുവാനില്ലാരുമീ’ എന്ന് പാടിക്കൊണ്ട് പോകുന്ന സീനില്‍ ക്യാമറ കാറിന്റെ ഡിക്കിയിലേക്ക് സൂം ചെയ്യുന്നുണ്ടെന്നും അതില്‍ കോവിലകത്തെ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ കാണുന്നെന്നുമാണ് സുധീഷ് കുറിച്ചത്. കോവിലകത്തെ സ്വര്‍ണം മോഷ്ടിക്കാനായി ഗംഗയുടെയും നകുലന്റെയും വേഷത്തിലെത്തിയ കള്ളന്മാരാണ് അവരെന്നും യഥാര്‍ത്ഥ നകുലനെയും ഗംഗയെയും നിലവറയില്‍ പൂട്ടിയിട്ടിട്ടുണ്ടെന്നുമുള്ള ഗംഭീര ട്വിസ്റ്റ് വായനക്കാരില്‍ ചിരി പടര്‍ത്തുന്നു.

മാടമ്പള്ളിയിലെ സ്വത്തുവകകള്‍ക്ക് മേല്‍ തര്‍ക്കമുണ്ടായപ്പോള്‍ കാരണവര്‍ ഉണ്ടാക്കിയ കഥയായിരുന്നു നാഗവല്ലിയുടേതെന്നും സ്വര്‍ണവും പുരാവസ്തുക്കളുമെല്ലാം നാഗവല്ലിയുടെ മുറിയില്‍ ഒളിപ്പിച്ചെന്നും പോസ്റ്റില്‍ പറയുന്നു. ഇതറിഞ്ഞ ഗവേഷണ സംഘത്തിലുള്ള ശോഭന സുരേഷ് ഗോപിയെയും മോഹന്‍ലാലിനെയും കൂടെക്കൂട്ടി പ്ലാന്‍ ചെയ്ത് നടത്തിയ മോഷണമായി ക്ലൈമാക്‌സ് മാറ്റിയെഴുതിയെന്നുമുള്ള ട്വിസ്റ്റിലേക്ക് സുധീഷ് മണിച്ചിത്രത്താഴിനെ മാറ്റി.

എന്‍ഡ് ക്രെഡിറ്റില്‍ മറ്റൊരു ട്വിസ്റ്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂവരും പോകുന്ന കാറിനെ ചെയ്‌സ് ചെയ്ത് ഒരു ബൈക്ക് വട്ടം വെച്ച് നില്‍ക്കുന്നെന്നും അതില്‍ നിന്ന് ഹെല്‍മെറ്റ് ധാരി ഇറങ്ങുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഈ പ്ലാനിന്റെ മാസ്റ്റര്‍ ബ്രെയിനായ ആ വ്യക്തി പുല്ലാറ്റുപറമ്പ് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടാണെന്നറിയുന്നിടത്ത് പടം തീരുന്നെന്നും സുധീഷിന്റെ പോസ്റ്റിലുണ്ട്.

പെയിന്റ് പണിക്ക് വന്ന രാഘവന്റെ ബോഡി കുഴിച്ചിടുന്ന രംഗം എഴുതുന്നതിനിടക്ക് ഫാസില്‍ തിരിച്ചുവന്നെന്നും ഈ സ്‌ക്രിപ്റ്റ് വായിച്ച ശേഷം എല്ലാം ഒഴിവാക്കിയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. നിരവധി പേജുകള്‍ ഈ പോസ്റ്റ് പങ്കുവെക്കുന്നുണ്ട്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

‘നാല് പടത്തിലെ ട്വിസ്റ്റ് ഒരു സിനിമയില്‍ കാണിച്ചതിന് സ്മരണ വേണം ഹേ’, ‘പുല്ലാറ്റുപറമ്പന് പകരം കാട്ടുപറമ്പനായിരുന്നെങ്കില്‍ കുറച്ചുകൂടെ ഗംഭീരമായേനെ’, ‘കൈയിലുള്ള അഞ്ചാറ് ട്വിസ്റ്റ് എക്‌സ്പയറാകണ്ടെന്ന് കരുതി ഒരു സിനിമയില്‍ ഉപയോഗിച്ചത് തെറ്റാണോ’ എന്നിങ്ങനെയാണ് പല കമന്റുകളും.

Content Highlight: Post about Manichithrathazhu and Jeethu Joseph viral in social media

We use cookies to give you the best possible experience. Learn more