| Sunday, 4th October 2026, 7:19 am

രണ്‍വീറിനെക്കൊണ്ട് മാപ്പ് പറയിച്ചവര്‍ ബെത്‌ലഹേം കണ്ടാല്‍ പണിയാകും... കാന്താര റഫറന്‍സിനെ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തിയേറ്ററില്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സമീപകാലത്ത് മറ്റൊരു സിനിമക്കും തകര്‍ക്കാനാകാത്ത റെക്കോഡുകളാണ് ചിത്രം ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. ഒ.ടി.ടി റിലീസിന് ശേഷം ഓവര്‍റേറ്റഡ് ടാഗ് ലഭിക്കാതിരിക്കുന്നതും ബെത്‌ലഹേം കുടുംബ യൂണിറ്റിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

സമീപകാലത്ത് ഓരോ സീനിലും പ്രേക്ഷകരെ ഇത്രയും ചിരിപ്പിച്ച സിനിമ വേറെയില്ലെന്നാണ് ഒ.ടി.ടി റിലീസിന് ശേഷവും വരുന്ന കമന്റുകള്‍. പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളാണ് സിനിമയില്‍ അധികവും. എല്ലാം പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കാവുകയും ചെയ്തു. അത്തരത്തിലൊന്നാണ് ക്ലൈമാക്‌സിലെ കാന്താര റഫറന്‍സ് സീന്‍.

ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരി എന്ന കഥാപാത്രം ക്ലൈമാക്‌സില്‍ കാന്താരയെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് പെര്‍ഫോം ചെയ്തത്. നായകനായ നിവിനെപ്പോലും സൈഡാക്കിക്കൊണ്ടായിരുന്നു ശ്യാമിന്റെ പ്രകടനം. തിയേറ്ററുകളില്‍ ഈ സീനിന് കൈയടിയുടെ പൂരമായിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ഈ സീക്വന്‍സിന് മികച്ച പ്രതികരണമാണ്.

എന്നാല്‍ ഈ സീന്‍ കാരണം ബെത്‌ലഹേമിന്റെ അണിയറപ്രവര്‍ത്തകര്‍ പുലിവാല് പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ലഭിച്ച പണിയുമായാണ് പലരും ഈ സീനിനെ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ രണ്‍വീര്‍ സിങ് കാന്താര 2ലെ രംഗം അനുകരിച്ചത് വലിയ വിവാദമായിരുന്നു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്നാരോപിച്ച് രണ്‍വീറിനെതിരെ പലരും രംഗത്തെത്തി. താരത്തിനെതിരെ കേസ് കൊടുത്തതും മാപ്പ് പറയിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. അത്തരം ‘ആചാര സംരക്ഷകര്‍’ ബെത്‌ലഹേമിലെ രംഗം കണ്ടാല്‍ ട്രിഗറാകാന്‍ സാധ്യതയുണ്ടെന്നാണ് ചിലരുടെ പ്രവചനം. സിനിമയെ സിനിമയായി കാണാന്‍ കഴിയാത്തവര്‍ കാരണം ബെത്‌ലഹേമിന്റെ അണിയറപ്രവര്‍ത്തകര്‍ തിരിച്ചടി നേരിട്ടേക്കുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ബെത്‌ലഹേമിലേത് റഫറന്‍സ് സീനാണെന്നും രണ്‍വീറിനെപ്പോലെ കോമാളിത്തരം കാണിച്ചതല്ലെന്നും പോസ്റ്റുകള്‍ക്ക് മറുപടിയുണ്ട്. ഇക്കാര്യം തിരിച്ചറിയാന്‍ പറ്റുന്നവര്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും കമന്റുകളുണ്ട്. ഒരുപക്ഷേ ശ്യാം മോഹന് നേരെ സൈബര്‍ അറ്റാക്ക് വരികയാണെങ്കില്‍ ‘ധുരന്ധര്‍‘ പോലൊരു പ്രൊപ്പഗണ്ട സിനിമ ചെയ്താല്‍ മതിയെന്നും കുറ്റം പറഞ്ഞവര്‍ വാഴ്ത്തിപ്പാടുമെന്നുമുള്ള സര്‍ക്കാസ്റ്റിക് കമന്റുകള്‍ ചിരി പടര്‍ത്തുന്നുണ്ട്.

Content Highlight: Post About Kantara Controversy of Ranveer Singh and Bethlehem Kudumba Unit viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more