| Thursday, 19th February 2026, 4:33 pm

സൂപ്പര്‍സ്റ്റാറുകളുടെ അനിയന്‍കുട്ടനാണോ എങ്കില്‍ മരണമുറപ്പാ, ചര്‍ച്ചയായി ജയറാമിന്റെ പഴയകാല സിനിമകള്‍

അമര്‍നാഥ് എം.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം. 90s കിഡ്‌സിന്റെ കുട്ടിക്കാലത്ത് സൂപ്പര്‍സ്റ്റാറുകള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഈ മൂന്ന് പേരുകള്‍ മാത്രമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ സുരേഷ് ഗോപിയും ജയറാമും പിന്നീട് ഈ ലിസ്റ്റില്‍ നിന്ന് പുറത്തുപോയെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായി നിലനില്‍ക്കുന്നുണ്ട്.

ഈ നാല് പേരില്‍ ജയറാമിനുള്ള പ്രത്യേകത ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ അനുജനായി അഭിനയിച്ച ഒരേയൊരു നടനാണ് ജയറാം. മൂന്ന് സിനിമകളും സൂപ്പര്‍ഹിറ്റാണ് എന്നതിനെക്കാള്‍ അതില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ കാര്യവും ഹൈലൈറ്റാണ്.

അദ്വൈതം Photo: Screen grab/ S Cube Films

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തില്‍ ജയറാമും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ശിവന്‍ എന്ന കഥാപാത്രത്തിന്റെ സഹേദരതുല്യനായ വാസു എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. സീരിയസായി പറഞ്ഞുപോകുന്ന കഥയില്‍ ജയറാമിന്റെ ഭാഗങ്ങള്‍ സ്വല്പം ഹ്യൂമറുള്ളതായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വില്ലന്മാര്‍ ജയറാമിന്റെ കഥാപാത്രത്തെ കൊല്ലുകയാണ്.

ജോഷി- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ധ്രുവത്തിലും ജയറാം പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന്റെ അനിയനായ വീരസിംഹ മന്നാടിയാറായി വേഷമിട്ടത് ജയറാമായിരുന്നു. വില്ലനായ ഹൈദര്‍ മരക്കാര്‍ കഥയുടെ ഒരുഘട്ടത്തില്‍ വീരസിംഹനെ കൊല്ലുന്നിടത്താണ് സിനിമ ട്രാക്കില്‍ കയറുന്നത്.

ധ്രുവം Photo: Screen grab/ Matinee Now

ജയരാജിന്റെ സംവിധാനത്തില്‍ 1993ല്‍ റിലീസായ പൈതൃകം എന്ന ചിത്രത്തിലും ഇതുപോലൊരു സാമ്യതയുണ്ട്. സുരേഷ് ഗോപി അവതരിപ്പിച്ച സോമദത്തനാണ് ചിത്രത്തിലെ നായകന്‍. സോമദത്തന്റെ സഹോദരനായ ഭാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജയറാമായിരുന്നു. കഥയുടെ ഒരു ഘട്ടത്തില്‍ ഭാനു എന്ന കഥാപാത്രവും മരിക്കുന്നുണ്ട്.

മൂന്ന് സൂപ്പര്‍സ്റ്റാറുകളുടെ അനിയന്‍ കുട്ടനായി അഭിനയിക്കുകയും സിനിമ അവസാനിക്കുന്നതിന് മരിക്കുന്നതുമായ കഥാപാത്രം ജയറാം അവതരിപ്പിച്ചത് വല്ലാത്തൊരു സാമ്യതയാണെന്ന് വിക്ടോറിയ മരക്കാര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. മമ്മൂട്ടിയുടെ കൂടെ പണ്ട് മോഹന്‍ലാല്‍ ചെയ്ത മൂന്ന് സിനിമകളില്‍ ജയറാമിന്റ കഥാപാത്രം മരിക്കുന്നുണ്ടെന്ന കമന്റും ശ്രദ്ധേയമായി. അര്‍ത്ഥം, കനല്‍ക്കാറ്റ്, ധ്രുവം എന്നിവയാണ് ആ സിനിമകളെന്നാണ് കമന്റില്‍.

പൈതൃകം Photo: Screen grab/ Mollywood movies

ജയറാമും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്നുണ്ടെന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു. മലയാളത്തില്‍ നല്ല സിനിമകളിലൂടെ സജീവമാകുന്ന ജയറാമിന്റെ കരിയറിലെ ഈ വ്യത്യസ്തതയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Content Highlight: Post about Jayaram’s character in old movies viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more