| Friday, 17th July 2026, 11:04 pm

റിപ്പര്‍ രവിക്ക് മുന്നേ ഇന്ദ്രന്‍സ് ചേട്ടന്‍ ഞെട്ടിച്ച കൊടുര വില്ലന്‍, ഫ്‌ളോപ്പായതുകൊണ്ട് മാത്രം ചര്‍ച്ചയാകാതെ പോയി; പഴയ സിനിമയെ കുത്തിപ്പൊക്കി ട്രോളന്മാര്‍

അമര്‍നാഥ് എം.

തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റുകള്‍ കൊണ്ടും പ്രകടനം കൊണ്ടും സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രന്‍സ്. 70ാം വയസിലും വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് തന്നിലെ നടനെ തേച്ചുമിനുക്കുകയാണ് അദ്ദേഹം. കറുപ്പിലെ പെര്‍ഫോമന്‍സിന് പിന്നാലെ തമിഴ്‌നാട്ടിലും ഇന്ദ്രന്‍സിനെ പ്രശംസിച്ച് ധാരാളമാളുകള്‍ രംഗത്തെത്തി.

നായകന് ബോഡിഷെയ്മിങ് നടത്താന്‍ വേണ്ടി മാത്രം ഒരുകാലത്ത് കാസ്റ്റ് ചെയ്യപ്പെട്ട നടനായിരുന്നു ഇന്ദ്രന്‍സ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയാണ് അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിച്ചത്. അതുവരെ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ഇന്ദ്രന്‍സ് റിപ്പര്‍ രവിയായി ഞെട്ടിച്ചു. അതുവരെ കാണാത്ത പ്രകടനമായിരുന്നു അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്.

എന്നാല്‍ അഞ്ചാം പാതിരക്ക് മുമ്പ് ഇന്ദ്രന്‍സ് ചെയ്ത ഒരു വില്ലന്‍ വേഷത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സുധീഷ് ടി.എസ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ദ്രന്‍സിന്റെ വില്ലന്‍ വേഷത്തെക്കുറിച്ച് സംസാരിക്കുന്നത്. ജയറാമിനെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത രഹസ്യപ്പോലീസ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു വില്ലന്‍.

ക്രൈം ത്രില്ലറായൊരുക്കിയ ചിത്രത്തിന്റെ അവസാനമാണ് വില്ലനെ റിവീല്‍ ചെയ്യുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ രവീന്ദ്രനാണ് കൊലപാതകം ചെയ്യുന്നത്. സിനിമ വലിയ മെച്ചമില്ലാത്തതുകൊണ്ട് മാത്രം ആരും ഇന്ദ്രന്‍സിന്റെ ഈ വേഷത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സുധീഷ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന് താഴെ രസകരമായ കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്. ജയറാമിന്റെ ഫ്‌ളോപ്പ് പടങ്ങളില്‍ ആരും തിരിഞ്ഞുനോക്കാന്‍ ആഗ്രഹിക്കാത്ത സിനിമയാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. ജയറാം ഇരട്ടവേഷം ചെയ്ത ചിത്രത്തില്‍ ഒരാള്‍ അണ്ടര്‍കവര്‍ പൊലീസാണെന്ന് പറയുന്നത് സിനിമയിലെ ട്വിസ്റ്റായി അവതരിപ്പിച്ചെന്നും സിനിമയുടെ പേര് രഹസ്യപ്പോലീസ് എന്നാണെന്നും പരിഹസിക്കുന്നു.

എസ്.എന്‍. സ്വാമി – കെ. ധെു കോമ്പോയിലൊരുങ്ങിയ ചിത്രം 2009ലാണ് തിയേറ്ററുകളിലെത്തിയത്. ജയറാമിന് പുറമെ റിയാസ് ഖാന്‍, സംവൃത സുനില്‍, അനന്യ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ അണിനിരന്നു. ഔട്ട്‌ഡേറ്റഡായ തിരക്കഥയും മോശം മേക്കിങ്ങുമാണ് ചിത്രത്തിന് തിരിച്ചടിയായത്. പഴയകാലത്തെ ഫ്‌ളോപ്പ് സിനിമകള്‍ കുത്തിപ്പൊക്കുന്നതിനിടയില്‍ രഹസ്യപ്പോലീസും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Post about Indrans character in Rahasya Police movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more