| Thursday, 30th April 2026, 9:17 pm

മൂന്ന് സിനിമകള്‍, ഒരേ നോട്ടം, വ്യത്യസ്ത അര്‍ത്ഥങ്ങള്‍, ജോര്‍ജുകുട്ടിയെ മോഹന്‍ലാലിനല്ലാതെ ആര്‍ക്കും ചെയ്തുഫലിപ്പിക്കാനാകില്ലെന്ന് ആരാധകര്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമ മുഴുവന്‍ മോളിവുഡിലേക്ക് ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്‍ഡസ്ട്രി ഹിറ്റായ ആദ്യഭാഗവും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ രണ്ടാം ഭാഗത്തിനും ശേഷം ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആദ്യ രണ്ട് ഭാഗത്തിലെയും ചില സീനുകള്‍ക്കൊപ്പം മൂന്നാം ഭാഗത്തിലെ ചില രംഗങ്ങളും ചേര്‍ത്തുകൊണ്ടുള്ള ട്രെയ്‌ലര്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ ജീത്തു ജോസഫിന്റെ മേക്കിങ് ഇത്തവണയും വിമര്‍ശനം നേരിടുന്നുണ്ട്. ജോര്‍ജുകുട്ടി ഇത്തവണ പിടിക്കപ്പെടുമോ എന്ന് തന്നെയാണ് ദൃശ്യം 3യിലും പലരും ഉറ്റുനോക്കുന്നത്.

ടീസറില്‍ പലരുടെയും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഒരു ഷോട്ടാണ്. ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ജോര്‍ജുകുട്ടിയുടെ ഒരു ഷോട്ട് പ്രത്യേകം ശ്രദ്ധ നേടി. ദൃശ്യത്തിന്റെ കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും ജോര്‍ജുകുട്ടി ഇതുപോലെ നോക്കുന്നുണ്ടെന്ന് ആരാധകര്‍ കണ്ടുപിടിച്ചു. എന്നാല്‍ മൂന്ന് നോട്ടത്തിലും വ്യത്യസ്തമായ അര്‍ത്ഥമാണ് ഉള്ളതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആദ്യഭാഗത്തില്‍ ജനലിലൂടെ നോക്കുന്ന ജോര്‍ജുകുട്ടിയുടെ കണ്ണില്‍ ഭയമാണ് കാണിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. രണ്ടാം ഭാഗത്തില്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പേടിയും സങ്കടവുമാണ് കണ്ണില്‍ കാണാനാവുക. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏതറ്റം വരെ പോയാലും തന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന ദൃഢനിശ്ചയമാണ് ജോര്‍ജുകുട്ടിയില്‍ കാണാനാവുകയെന്നും സ്റ്റെഫി ജോണ്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ഒരു സിനിമ ഫ്രാഞ്ചൈസിയിലെ കഥാപാത്രത്തിന്റെ വളര്‍ച്ചക്ക് ജോര്‍ജുകുട്ടിയെ പോലൊരു ഉദാഹരണമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. കഥയുടെ ഓരോ ഘട്ടത്തിലും ആ കഥാപാത്രം കൈക്കൊള്ളുന്ന തീരുമാനങ്ങളും അയാളുടെ ആത്മസംഘര്‍ഷങ്ങളും ഇത്ര കൃത്യമായി കണ്‍വേ ചെയ്യാന്‍ മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും പോസ്റ്റുകളുണ്ട്.

സീരിയല്‍ ലെവലിലുള്ള ജീത്തു ജോസഫിന്റെ മേക്കിങ്ങിനെ ഒരു പരിധിവരെ മറച്ചുവെക്കുന്നത് മോഹന്‍ലാലിന്റെ ഗംഭീര പ്രകടനമാണെന്നും ചിലരുടെ കമന്റുകളുണ്ട്. മെയ് 21നാണ് ചിത്രത്തിന്റെ റിലീസ്. നിലവില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വാഴ 2നെ മറികടന്ന് ഇന്‍ഡസ്ട്രിയില്‍ ഹിറ്റാകാനുള്ള പൊട്ടന്‍ഷ്യല്‍ ദൃശ്യം 3ന് ഉണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Content Highlight: Post about Drishyam 3 teaser and Mohanlal viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more