കേരളത്തെയും മുസ്‌ലിം സമുദായത്തെയും താറടിച്ച് കാണിക്കുന്ന കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ നോര്‍ത്ത് ഇന്ത്യയിലുള്ളവര്‍ക്കെല്ലാം കേരളത്തെക്കുറിച്ച് മോശം ഇമേജാണ് ലഭിച്ചത്. രണ്ടാം ഭാഗവും അത്തരത്തിലുള്ളതാണെന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാണ്.
കേരള സ്‌റ്റോറി പോലെയുള്ള പ്രൊപ്പഗണ്ട സിനിമകളെ മലയാളികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഷോര്‍ട് ഫിലിമിന്റെ പോലും നിലവാരമില്ലാത്ത ഇത്തരം സിനിമകളെക്കാള്‍ പേടിക്കേണ്ടത് മറ്റ് ചില സിനിമകളെയാണെന്ന് പറയുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ധുരന്ധര്‍, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആദിത്യ ധര്‍ പ്രൊപ്പഗണ്ട ഇന്‍ജെക്ട് ചെയ്യുന്നതില്‍ പി.എച്ച്.ഡി എടുത്തയാളാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് കിട്ടിയ തുറുപ്പുചീട്ടാണ് ആദിത്യ ധറെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അരുണ്‍ എന്‍.കെ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.
പ്രൊപ്പഗണ്ട സിനിമകളില്‍ ഏറ്റവും ഭയക്കേണ്ടത് ആദിത്യ ധറിനെയാണെന്നും കേരള സ്റ്റോറി പോലുള്ള കോമാളി സിനിമകള്‍ ഒരു പരിധിക്കപ്പുറത്തുള്ള പ്രേക്ഷകരിലേക്ക് എത്തില്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ പോലും അവസരം കൊടുക്കാതെയാണ് ആദിത്യ ധര്‍ പ്രൊപ്പഗണ്ട ഇന്‍ജെക്ട് ചെയ്യുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
ആദിത്യ ധറിന്റെ സിനിമകള്‍ കൊമേഴ്‌സ്യല്‍ വിജയം നേടുന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്നും ധുരന്ധര്‍ ഇഷ്ടമായെങ്കിലും ബി.ജെ.പിയെ ബൂസ്റ്റ് ചെയ്യുന്ന ഡയലോഗുകള്‍ അരോചകമായി തോന്നിയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുകൂലികള്‍ അരുണിനെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് കമന്റുകള്‍ പങ്കുവെക്കുന്നത്.
എന്നാല്‍ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും ചില കമന്റുകളുണ്ട്. കേരള സ്‌റ്റോറിയെക്കാള്‍ പേടിക്കേണ്ടത് ധുരന്ധറിനെപ്പോലെ പ്രൊപ്പഗണ്ട പറയുന്ന സിനിമകളെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഉറി എന്ന സിനിമക്ക് നാല് ദേശീയ അവാര്‍ഡ് നല്‍കിയ കാര്യവും ചിലര്‍ കമന്റ് ബോക്‌സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ധുരന്ധര്‍ Photo: Arun NK/ Facebook
‘ബി.ജെ.പി വരും എല്ലാം ശരിയാവും’ എന്നാണ് ആദിത്യ ധര്‍ പറഞ്ഞുവെക്കുന്ന വണ്‍ലൈന്‍. സിനിമ കാണുമ്പോള്‍ പാകിസ്ഥാനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് തോന്നുമെങ്കിലും പ്രൊപ്പഗണ്ട നൈസായി തിരുകിക്കയറ്റിയ സിനിമയാണ്’, ‘കേരള സ്റ്റോറി കണ്ടിട്ട് കേരളത്തോട് വെറുപ്പ് കൂടിയവരുണ്ട്’ എന്നൊക്കെയാണ് ചില കമന്റുകള്‍.
Content Highlight: Post about criticizing Aditya Dhar’s films viral in Social Media