പ്രധാന ഫെസ്റ്റിവലുകള്‍ നോക്കി സൂപ്പര്‍താര സിനിമകള്‍ റിലീസ് ചെയ്യുന്നതാണ് തമിഴിലെ പ്രധാന രീതി. പൊങ്കല്‍, ദീപാവലി, പൂജാ ഹോളിഡേയ്‌സ് പോലുള്ള ഫെസ്റ്റിവലുകളിലാണ് സൂപ്പര്‍താരങ്ങളുടെ വമ്പന്‍ സിനിമകള്‍ പുറത്തിറങ്ങുന്നത്. ഈ സമയത്ത് താരതമ്യേന ചെറിയ സിനിമകളൊന്നും തന്നെ തിയേറ്ററുകളിലെത്താറുമില്ല.
ഈ വര്‍ഷം പൊങ്കലിന് തമിഴ് സൂപ്പര്‍താരം വിജയ് നായകനായ ജന നായകനായിരുന്നു പ്രധാന റിലീസ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് ജന നായകന്‍ ഇതുവരെ റിലീസായിട്ടില്ല. ഇതോടെ നിരവധി ചെറിയ സിനിമകള്‍ പൊങ്കലിന് തിയേറ്ററുകളിലെത്തി. കാര്‍ത്തിയുടെ വാ വാധ്യാര്‍, ജീവയുടെ തലൈവര്‍ തമ്പി തലൈമയില്‍ എന്നീ സിനിമകള്‍ പ്രീപോണ്‍ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. ഇതില്‍ തലൈവര്‍ തമ്പി തലൈമയില്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ വമ്പന്‍ സിനിമകളെപ്പേടിച്ച് ചെറിയ സിനിമകള്‍ റിലീസ് മാറ്റിവെക്കുന്ന പതിവ് മലയാളത്തില്‍ കാണാറില്ല. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കൊപ്പം ക്ലാഷ് വെച്ച് ചെറിയ സിനിമകള്‍ വിജയിക്കുന്ന കാഴ്ചകള്‍ക്ക് ഒരുപാട് തവണ സിനിമാലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റില്‍ വിശ്വസിക്കുന്ന മലയാളത്തിലെ സിനിമാപ്രേമികളാണ് ഈ ഇന്‍ഡസ്ട്രിയുടെ അഭിമാനം.
ഇന്ത്യന്‍ സിനിമ ഒന്നാകെ ഉറ്റുനോക്കുന്ന മലയാളം ചിത്രമായ ദൃശ്യം 3 വമ്പന്‍ റിലീസാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രി മൊത്തം ഹൈപ്പോടെ നോക്കിനില്‍ക്കുന്ന ദൃശ്യം 3ക്കൊപ്പം വാഴ 2വും റിലീസ് ചെയ്യുന്നുണ്ട്. 2024ല്‍ റിലീസായ വാഴയുടെ രണ്ടാം ഭാഗത്തില്‍ ഹാഷിറും ടീമുമാണ് പ്രധാന കഥാപാത്രങ്ങള്‍.
ഇത്രയും വലിയ സിനിമക്കൊപ്പം ക്ലാഷിനെത്തുന്ന വാഴ 2ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് യാതൊരു ടെന്‍ഷനുമില്ല. മോഹന്‍ലാലിന്റെ ആരാധകര്‍ വാഴ 2ന്റെ അണിയറപ്രവര്‍ത്തകരെ തെറിവിളിക്കാന്‍ പോയിട്ടുമില്ല. ഇത് മലയാളി സിനിമാപ്രേമികളുടെ ചിന്താഗതിയുടെ അടയാളമായും ചിലര്‍ കണക്കാക്കുന്നുണ്ട്. ചെറിയ സിനിമകളെന്നോ വലിയ സിനിമകളെന്നോയുള്ള വ്യത്യാസം ആരും നോക്കാറില്ലെന്നതിനും ഇതാണ് തെളിവ്.
വാഴ 2 മാത്രമല്ല, ദൃശ്യം 3 റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ നിരവധി സിനിമകള്‍ തിയേറ്ററുകളിലെത്തുന്നുണ്ട്. ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പി, സൈജു കുറുപ്പ് നായകനായെത്തുന്ന മോഹിനിയാട്ടം തുടങ്ങിയവയാണ് ഇതില്‍ പ്രധാന ചിത്രങ്ങള്‍. ഏപ്രിലില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പോയുടെ പേട്രിയറ്റും തിയേറ്ററുകളിലെത്തുന്നുണ്ട്. ഇതില്‍ നല്ല കണ്ടന്റുള്ള സിനിമയാകും അവസാനം വിജയിക്കുകയെന്നുറപ്പാണ്.
Content Highlight: Post about Clash release with Superstar films in Malayalam cinema viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ