| Thursday, 26th February 2026, 1:00 pm

ദൃശ്യമല്ല, ജീത്തു ജോസഫാണ് വാഴ 2ന്റെ ടാര്‍ഗറ്റെന്ന് തോന്നുന്നു, 2024ലെ ലൂപ്പ് ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ കൂട്ടത്തോടെ ലോണെടുക്കേണ്ട അവസ്ഥയാണ് ഇനി വരാന്‍ പോകുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്യമായ റിലീസുകളില്ലാത്തത് ഇന്‍ഡസ്ട്രിയെ വലിയ രീതിയില്‍ ബാധിച്ചെങ്കിലും അതിന്റെ നഷ്ടം പലിശ സഹിതം തീര്‍ക്കുമെന്നാണ് ഇനിയുള്ള റിലീസുകള്‍ തെളിയിക്കുന്നത്. ഒന്നിന് പിന്നാലെ ഒന്നായി നിരവധി വമ്പന്‍ സിനിമകള്‍ സമ്മര്‍ റിലീസായി എത്തുകയാണ്.

ഇതില്‍ ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഹൈപ്പോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന് സോളോ റിലീസില്ലെന്നത് പലരെയും നിരാശരാക്കുന്ന കാര്യമാണ്. യുവതാരങ്ങള്‍ അണിനിരക്കുന്ന വാഴ 2 ദൃശ്യം 3യോടൊപ്പം തിയേറ്ററുകളിലെത്തുന്നുണ്ട്.

നുണക്കുഴി, വാഴ Photo: OTT Play

എന്നാല്‍ ഇത് വെറുമൊരു ക്ലാഷല്ലെന്നും ദേജാ വു ആണെന്നും പറയുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. 2024ലെ ലൂപ്പ് ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. വാഴയുടെ ആദ്യഭാഗം റിലീസായത് 2024 ഓഗസ്റ്റിലാണ്. വാഴയ്‌ക്കൊപ്പം തിയേറ്ററുകളിലെത്തിയ മറ്റൊരു ചിത്രമായിരുന്നു നുണക്കുഴി. ബേസില്‍ ജോസഫ് നായകനായ ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു.

വാഴയും നുണക്കുഴിയും തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് മറ്റൊരു പ്രൊജക്ടുമായി എത്തുമ്പോള്‍ പഴയതുപോലെ ക്ലാഷുമായി വാഴ ടീമുമുണ്ട്. ഇത് മാത്രമല്ല, മറ്റൊരു സിനിമയുടെ സാന്നിധ്യവും ദേജാ വുവിനുള്ള കൂടുതല്‍ തെളിവ് നല്‍കുന്നുണ്ട്. വാഴയും നുണക്കുഴിയും റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഭരതനാട്യം.

വാഴ 2, ദൃശ്യം 3 Photo: Movie time/ X.com

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഭരതനാട്യത്തിന് വന്‍ റീച്ച് ലഭിച്ചു. വാഴ 2വും ദൃശ്യം 3യും റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും തിയേറ്ററുകളിലെത്തുന്നുണ്ട്.

2024ലെ സൈക്കിള്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ആവര്‍ത്തിക്കുന്നത് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഓണ്‍ എ ഫ്രൈഡേ എന്ന പേജ് പങ്കുവെച്ച പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ദൃശ്യം 3യല്ല, ജീത്തു ജോസഫാണ് വാഴ 2ന്റെ ടാര്‍ഗറ്റെന്നാണ് ചിലരുടെ കമന്റ്. മൂന്ന് സിനിമകളും വിജയിക്കട്ടെയെന്നും പലരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

ഭരതനാട്യം Photo: IMDB

ഈ മൂന്ന് സിനിമകള്‍ മാത്രമല്ല, മറ്റ് ചില വമ്പന്‍ സിനിമകളും ഏപ്രിലില്‍ തിയേറ്ററുകളിലെത്തുന്നുണ്ട്. ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പി, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്നീ ചിത്രങ്ങളാണ് ഏപ്രില്‍ റിലീസിലെ പ്രധാനികള്‍. സൂര്യ നായകനാകുന്ന കറുപ്പും ഏപ്രിലിലാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Content Highlight: Post about clash between Drishyam 3 and Vaazha 2 viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more