ഒരൊറ്റ ചിത്രത്തിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച സിനിമയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട്. രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസുകളിലൊന്നാണ്. മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ആട് 3 വണ്‍ ലാസ്റ്റ് റൈഡ് പാര്‍ട്ട് വണ്‍ നൂറ് കോടിയിലധികം നേടി തിയേറ്ററില്‍ മുന്നേറുകയാണ്.
ചിത്രം വലിയ വിജയമായതിന് പിന്നാലെ ആടിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. ഷാജി പാപ്പന്റെ കോസ്റ്റിയൂമിലിരിക്കുന്ന ജയസൂര്യയുടെ കൈയിലേക്ക് ഒരു മൈനയെ വെക്കുന്നതും സൈജു കുറുപ്പിനെ കണുമ്പോള്‍ പക്ഷി താരത്തിന്റെ കൈയില്‍ കാഷ്ഠിക്കുന്നതുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അറക്കല്‍ അബുവിനെ കണ്ടിട്ടാണ് മൈന പേടിച്ച് കാഷ്ഠിച്ചതെന്നായിരുന്നു നെറ്റിസണ്‍സിന്റെ വാദം.
ആട്. Photo: IMDB
ഇതിന് പിന്നാലെ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് 2.0 ല്‍ കൃഷ്ണ പ്രസാദ് ജി.ആര്‍. എഴുതിയ ഷാജി പാപ്പന്റയും അറക്കല്‍ അബുവിന്റെയും കുട്ടിക്കാലമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘അബുവിന് കുട്ടിക്കാലത്ത് മൈനയെ /മൈനകളെ കണ്ടാല്‍ പേടിയായിരുന്നു. എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം എന്ന് പറയുന്നത് പോലെ അബു എവിടെ മൈനയെ കാണുന്നോ അവിടെ അബു പേടിച്ചു വയറിളകും. അങ്ങനെ പേടിച്ച് വയറിളക്കം ഒക്കെയായി ഇരിക്കുന്ന സമയത്താണ് അബു, ‘ തോല്‍വി ഷാജി ‘ എന്ന പിന്നീട് ഷാജി പാപ്പന്‍ എന്നറിയപ്പെട്ട ഷാജിയെ കണ്ടുമുട്ടുന്നത്.
അന്ന് 5 തവണ ഏഴാം ക്ലാസ് തോറ്റിരിക്കുന്ന തോല്‍വി ഷാജിയെ അബു കണ്ടുമുട്ടുന്നത് തികച്ചും യാദൃശ്ചികമായാണ്. തന്റെ മൈനപ്പേടിയും വയറിളക്കവും ഒക്കെ മാറ്റാനാണ് അബു മൂപ്പില്‍ക്കോപ്പിലെ വൈദ്യനെക്കാണാന്‍ വ്യാളിദേശം എന്ന സ്ഥലത്ത് എത്തിയത്. അവിടെ വെച്ചാണ് സാധനങ്ങള്‍ വാങ്ങി ഒരു വലിയ ചാക്ക് തലയിലും കയ്യില്‍ ഒരു സഞ്ചിയും ഒക്കെയായി തന്റെ അമ്മച്ചിയുടെ കൂടെ വരുന്ന ഷാജിയെ അബു കാണുന്നത്.
എതിരെ ഒച്ചവെച്ച് ഓടിവരുന്ന പെണ്‍കുട്ടിയെ ഒരു പട്ടി ഓടിച്ചിട്ട് കടിക്കാന്‍ വരുന്നത് കണ്ടപ്പോള്‍, ഒന്നും നോക്കാതെ തന്റെ തലയില്‍ ഉണ്ടായിരുന്ന അരിച്ചാക്ക് എടുത്ത് താഴെയിട്ട് പെട്ടെന്ന് അക്രമകാരിയായ ആ പട്ടിയെ ഷാജി സാഹസികമായി എടുത്ത് പൊക്കി അടുത്തുള്ള തോട്ടിലേക്ക് എറിയുന്നു.അങ്ങനെ അതിസാഹസികനായ ഷാജിയെ കണ്ട് അബു ഉള്‍പുളകം കൊള്ളുന്നു. അബുവിന് പെട്ടെന്നൊരു ധൈര്യം വന്നതുപോലെ.
സാഹസികതയെ എല്ലാവരും അഭിനന്ദിക്കുന്നത് കേള്‍ക്കാനായി മെല്ലെ തിരിയുന്ന ഷാജിയെ പെട്ടെന്ന് പുറകില്‍ നിന്നും ആരോ തല്ലുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി!
‘എന്റെ ടുക്കു നെ എന്തിനാടാ തോട്ടിലേക്ക് എറിഞ്ഞേ, പട്ടീ.. ‘
ഏഹ്.. എന്നതാ ?!
അതെ, അത് ആ പെണ്‍കുട്ടിയുടെ വളര്‍ത്തുനായ ആയ ടുക്കു ആയിരുന്നു, അതിന്റെ കൂടെ കളിച്ചോണ്ടിരിക്കുമ്പോള്‍ ആ പെണ്‍കുട്ടിയെ ആ നായ ഓടിച്ചതാണ്. അങ്ങനെ തമാശയ്ക്ക് ഓടുമ്പോള്‍ വെറുതെ ഒച്ചപ്പാടും ഓവര്‍ റിയാക്ഷനും ആയി പെണ്‍കുട്ടി ഓടിവരുമ്പോള്‍” അയ്യോ, ആ പെണ്ണിനെ പട്ടി കടിക്കാന്‍ വരുന്നേ ‘ എന്ന് പറഞ്ഞത് അറയ്ക്കല്‍ അബു ആയിരുന്നു.ഇളിഭ്യനായി നില്‍ക്കുന്ന ഷാജി പെട്ടെന്ന് തന്റെ അമ്മച്ചിയെ നോക്കുന്നു, ചാക്ക് നിലത്തിട്ടപ്പോള്‍ നിലത്ത് ചിതറിയ അരി നോക്കി അവന്‍ ദയനീയമായി അമ്മച്ചിയെ നോക്കുന്നു,’
Photo: Movie Street/ Facebook.com
ഇത്രയുമാണ് ഷാജി പാപ്പനെയും അറക്കല്‍ അബുവിനെയും കുറിച്ച് പോസ്റ്റ്മാന്റെ ഭാവനയില്‍ ഉരുതിരിഞ്ഞിരിക്കുന്നത്. എന്നാല്‍ മൈനയെ കണ്ടാല്‍ പേടിച്ച് വയറിളകുമായിരുന്ന ആളായിരുന്നു അറക്കല്‍ അബു. എന്നാല്‍ ഇതേ അബുവിനെ കണ്ടാല്‍ മൈനക്ക് വയറിളകുന്ന തരത്തില്‍ എന്ത് കാര്യമാണ് അബു ചെയ്തതെന്നതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതറിയാനായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും സൈജു കുറിപ്പും തന്നെ വിളിച്ച് അന്വേഷിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പിറന്ന ആടിന് അടുത്ത ഭാഗത്തോടെ അവസാനമുണ്ടാകുമെന്ന് ഇതിനകം തന്നെ അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ ഷാജി പാപ്പന്‍ തുടങ്ങി ഓരോ കഥാപാത്രങ്ങളും നിര്‍മാതാവിന്റെതായിരിക്കുമെന്നും മറ്റൊരു സംവിധായകനെ വെച്ച് ഈ ഫ്രാഞ്ചൈസില്‍ ചിത്രമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഷാജി പാപ്പന്റെയും ടീമിന്റെയും ചരിത്രമടക്കം വലിയ സാധ്യതകളാണ് ഇതോടെ പുതിയ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നത്. ഇത്തരത്തില്‍ പുതിയ ആടിലെ കഥാപാത്രങ്ങളെ വെച്ച് പുതിയൊരു ടൈം ലൈനാണ് പോസ്‌റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Post about aadu movie goes viral on social media