| Monday, 1st September 2025, 12:25 pm

മെസിയ്ക്ക് പിന്നാലെ കോഹ്‌ലിയും കേരളത്തിലേക്ക്? ആര്‍.സി.ബിയെ കാര്യവട്ടത്ത് എത്തിക്കാന്‍ കെ.സി.എ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഒരുങ്ങി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍. ന്യൂസ് മലയാളത്തിനോടാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

‘ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തണോ എന്ന് തീരുമാനിക്കുന്നത് ടീമുകളാണ്. അവരുടെ ഒന്നോ രണ്ടോ മത്സരങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരം നടത്താന്‍ പറ്റുമെന്ന് ഒരു പ്രതീക്ഷയുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ നിലവിലെ പ്രശ്നം കാരണം ബെംഗളൂരു വിട്ട് ആര്‍.സി.ബി സൗത്ത് ഇന്ത്യന്‍ വേദികളില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ തീരുമാനിച്ചാല്‍, കാര്യവട്ടത്തിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

സൗത്തില്‍ ഐ.പി.എല്‍ നടക്കാത്ത ഒരു വേദി തിരുവനന്തപുരം ആയതിനാല്‍ മത്സരങ്ങള്‍ നടന്നേക്കാം,’ വിനോദ് എസ്. കുമാര്‍ പറഞ്ഞു.

അടുത്ത സീസണില്‍ ആര്‍.സി.ബിയുടെ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ ഇത് ആദ്യമായാകും ഗ്രീന്‍ഫീല്‍ഡ് ഒരു ഐ.പി.എല്‍ മത്സരത്തിന് വേദിയാവുക. മുമ്പ് ഇന്ത്യയുടെ ഏകദിന – ടി – 20 അന്താരാഷ്ട്ര മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്. പക്ഷേ, ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ല.

എന്നാല്‍, ഇതിന് മുമ്പും കേരളത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. 2011ല്‍ ടൂര്‍ണമെന്റില്‍ കളിച്ച കൊച്ചി ടസ്‌കേഴ്സ് കേരളയുടെ ഹോം ഗ്രൗണ്ടായിരുന്നു ഈ സ്റ്റേഡിയം.

ലയണല്‍ മെസിയ്ക്ക് പിന്നാലെ, ആര്‍.സി.ബിയും വിരാട് കോഹ്‌ലിയും കേരളത്തിലേക്ക് എത്തിയാല്‍ കായിക പ്രേമികള്‍ക്ക് വലിയ ആവേശമാകും. ഒക്ടോബറിലാണ് അര്‍ജന്റീനയും മെസിയും കേരളത്തിലേക്ക് എത്തുകയെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഈ മത്സരങ്ങളും കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുകയെന്നാണ് വിവരം. ഇതിനെ കുറിച്ചും വിനോദ് എസ്. കുമാര്‍ പറഞ്ഞു. മെസി വരുന്നതിന് കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. അതിന്റെ പ്ലാനിങ് വൈകാതെ അറിയിക്കുമായിരിക്കും. അതിന് അനുസരിച്ച് മാത്രമേ അടുത്ത സീസണിലെ മത്സരങ്ങള്‍ ക്രമീകരിക്കാനും ഒരുക്കങ്ങള്‍ നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: KCA Secretary Vinod S Kumar says that there is possibility to conduct IPL match of RCB in Karyavattom Greenfield stadium

We use cookies to give you the best possible experience. Learn more