തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (നവംബര്‍ 6) മുതല്‍ നവംബര്‍ 08 വരെ മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
06/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
07/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
08/11/2026: ഇടുക്കി
– എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ അതീവ അപകടകാരിയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ വൈദ്യുതി-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തും. അതിനാല്‍ കാര്‍മേഘങ്ങള്‍ കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
മിന്നല്‍ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല. മിന്നല്‍ കാണുന്നില്ലെന്ന കാരണത്താല്‍ സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കരുത്. ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ഇവയ്ക്ക് സമീപം നില്‍ക്കുന്നത് ഒഴിവാക്കണം. കെട്ടിടത്തിനുള്ളില്‍ തന്നെ തുടരുകയും ഭിത്തികളിലും തറയിലും നേരിട്ട് സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം.
വീട്ടിലെ വൈദ്യുതോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ടെലിഫോണ്‍ ഉപയോഗിക്കുന്നതും ഈ സമയത്ത് ഒഴിവാക്കണം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല. അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോള്‍ കുട്ടികളുള്‍പ്പെടെ ആരും തുറസായ സ്ഥലങ്ങളിലോ ടെറസിലോ കളിക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ അഭയം തേടരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം.
Content Highlight: Possibility of heavy rain: Yellow alert in 11 districts in Kerala