| Thursday, 23rd July 2026, 11:42 am

വണ്‍ ലാസ്റ്റ് ഡാന്‍സ് തകര്‍ത്തു; ഫാന്‍സ് ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണവുമായി ജന നായകന്‍

അശ്വിന്‍ രാജേന്ദ്രന്‍

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അഭിനയിച്ച ജന നായകന്‍. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിച്ച അവസാന ചിത്രമെന്ന നിലയിലും മുഖ്യമന്ത്രിയായതിന് ശേഷം ഇനിയൊരു വിജയ് ചിത്രം വരാന്‍ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലും വലിയ ആവേശത്തോടെയായിരുന്നു ഏറെ വൈകിയെത്തിയ ജന നായകനെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ജന നായകന്‍. Photo: The Hindu

ജനുവരി 9ന് പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്നു ചിത്രം ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകള്‍ ആവേശം കൊണ്ട് നിറയുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ കേരളത്തിലടക്കമുള്ള തിയേറ്ററുകളിലെ ഫാന്‍സ് ഷോ പൂര്‍ണമായപ്പോള്‍ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. കരിയറിന്റെ പീക്കില്‍ നില്‍ക്കവെ സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ്‌യുെട ലാസ്റ്റ് ഡാന്‍സ് ഗംഭീരമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആരാധകരെ ആവേശം കൊള്ളിക്കുന്നതിനുള്ള എല്ലാ എലമെന്റുകളും ചിത്രത്തിലുണ്ടെന്നും ഒരു വിജയ് ആരാധകനെ പൂര്‍ണമായും തൃപ്തിപെടുത്തുന്ന രീതിയിലാണ് ജന നായകനെ എച്ച്. വിനോദ് ഒരുക്കിയിരിക്കുന്നതെന്നും ഏവരും അഭിപ്രായപ്പെടുന്നു. ചീഫ് മിനിസ്റ്റര്‍ വിജയ് എന്ന് ചിത്രത്തില്‍ എഴുതിക്കാണിക്കുന്നത് മുതല്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന നായകന്‍. Photo: India Tv News

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്യുടെ സഹോദരി കഥാപാത്രമായി മലയാളികളുടെ പ്രിയ താരം മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം വൈറലായിരുന്നു.

Content Highlight: Positive response for Jana Nayagan after Fans show

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more